സംസ്ഥാനത്ത് പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമാണത്തിന് ഉപയോഗിക്കാൻ നീക്കം

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ പുതുവഴി തേടി ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്. പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റർ ചാരായം സാനിറ്റൈസർ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് ചെയർമാൻ സിബി ചന്ദ്രബാബു ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകൾക്കും സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിനും വില കുത്തനെ വർധിച്ചതോടെയാണ് പുതിയ നീക്കം. “ചാരായം എന്നാൽ എത്തനോളാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചത് പ്രകാരം എത്തനോൾ കൊണ്ട് സാനിറ്റൈസർ നിർമിക്കാൻ സാധിക്കും. ലിറ്ററിന് 140 രൂപ ആയിരുന്ന ഐസോപ്രൊപൈൽ ആൽക്കഹോളിന് മുംബൈ ആസ്ഥാനമായ മൊത്ത കച്ചവടക്കാർ 300 രൂപ ആക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.”- ചന്ദ്രബാബു പറഞ്ഞു.
ഇതുവരെ സാനിറ്റൈസർ നിർമിച്ച പരിചയം ഡ്രഗ് ആൻഡ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന് ഇല്ല. എന്നാൽ, സംസ്ഥാനത്തെ അടിയന്തിരാവസ്ഥ പരിഗണിച്ച് സാനിറ്റൈസറുകൾ നിർമിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്ത് നിലവിൽ 24 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കാൽലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്. ഇന്ന് ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. വൈറസ് ബാധക്കെതിരായ കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതിയും സുപ്രിം കോടതിയും അഭിനന്ദിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഐസൊലേഷനിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here