കൊവിഡ് 19; സൗദി വാര്‍ഷിക ബജറ്റിന്റെ അഞ്ച് ശതമാനം വെട്ടിച്ചുരുക്കി

കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ വാര്‍ഷിക ബജറ്റ് അഞ്ച് ശതമാനം വെട്ടിച്ചുരുക്കിയതായി സൗദി ധനകര്യ മന്ത്രാലയം. ഈ വര്‍ഷത്തെ ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ മാറ്റിവച്ചു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സൗദിയില്‍ 238 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ എട്ട് പേര്‍ രോഗവിമുക്തരായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധയെ തുടര്‍ന്ന് സൗദിയുടെ എല്ലാ മേഖലകളിലും കനത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്.
ഉംറ സര്‍വീസുകള്‍ക്ക് മാത്രം പ്രതിമാസം എട്ട് കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്കുകള്‍. മക്കയിലും മദീനയിലുമുള്ള ഹോട്ടല്‍ റൂമുകളുടെ നിരക്ക് കുത്തനെ ഇടിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദിയുടെ വാര്‍ഷിക ബജറ്റില്‍ 50 ബില്യണ്‍ റിയാല്‍ കുറയ്ക്കുമെന്ന് സൗദി ധനകാര്യമന്ത്രി അറിയിച്ചു. 2020 ബജറ്റിന്റെ അഞ്ച് ശതമാനമാണിത്.

ഇന്ത്യയില്‍ നിന്നെത്തിയ എല്ലാ തീര്‍ത്ഥാടകരെയും തിരികെ ഇന്ത്യയില്‍ എത്തിച്ചതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ പരിശോധനയാണ് വിമാനത്താവളങ്ങളില്‍ നടത്തുന്നത്. അതേസമയം, ജി 20 വെര്‍ച്ചല്‍ ഉച്ചകോടി അടുത്തയാഴ്ച നടത്തും. അംഗ രാജ്യങ്ങളുടെ സ്ഥിതിഗതികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നും അധ്യക്ഷ സ്ഥാനത്തുള്ള സൗദി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top