കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണം: രണ്ടാഴ്ച ആരാധനാലയങ്ങള്‍ അടച്ചിടണം, കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമെ തുറക്കാന്‍ പാടുള്ളൂ

കൊവിഡ് 19 പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നിരവധിയിടങ്ങളില്‍ സഞ്ചരിക്കുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

കാസര്‍ഗോഡ് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബ്ബുകളും രണ്ടാഴ്ചക്കാലം അടച്ചിടണം. കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമെ തുറക്കാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ഈ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Read More: കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; 44390 പേര്‍ നിരീക്ഷണത്തില്‍

അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്.

ഇന്ന് മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13632 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top