ക്രിക്കറ്റ് ലോകത്തെ അടുത്ത സൂപ്പർ താരം പാകിസ്താനിൽ നിന്ന്: റമീസ് രാജ

ക്രിക്കറ്റ് ലോകത്തെ അടുത്ത സൂപ്പർ താരം പാകിസ്താനിൽ നിന്നാവുമെന്ന് ക്രിക്കറ്റ് കമൻ്റേറ്ററും മുൻ പാകിസ്താൻ താരവുമായ റമീസ് രാജ. പാകിസ്താൻ സൂപ്പർ ലീഗിൽ പെഷാവര്‍ സാല്‍മിക്ക് വേണ്ടി കളിക്കുന്ന ഹൈദര്‍ അലിയെയാണ് റമീസ് രാജ അടുത്ത സൂപ്പർ താരമായി പരിചയപ്പെടുത്തുന്നു. കോലിയും ബാബർ അസവും കളിക്കുന്നതു പോലെയാണ് ഹൈദർ അലി കളിക്കുന്നതെന്നും അവരെ മാതൃകയാക്കിയാൽ താരത്തിന് മുന്നേറാൻ സാധിക്കുമെന്നും റമീസ് രാജ പറഞ്ഞു.
“പിഎസ്എല്ലില്‍ തന്റെ ആദ്യ സീസണില്‍ തന്നെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് അലി. എന്നാല്‍ പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കണം. അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ മൂന്നാം സ്ഥാനമാണ്. വ്യത്യസ്തമായ, നിലവാരമുള്ള നിരവധി ഷോട്ടുകള്‍ കളിക്കാൻ അദ്ദേഹത്തിനു കഴിയും. ബാറ്റിംഗിൽ അദ്ദേഹം മെച്ചപ്പെടാനുണ്ടെന്ന് തോന്നുന്നില്ല. കോലി, ബാബര്‍ തുടങ്ങിയവരുടെ ബാറ്റിംഗ് സമീപനമാണ് അലി കണ്ടു പഠിക്കേണ്ടത്. ക്രിക്കറ്റിലെ പരമ്പരാഗത ഷോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇരുവരും കളിക്കുന്നത്. അവരുടെ അത്ര തന്നെ കഴിവുള്ള താരമാണ് അലി. സ്വന്തം ഗെയിമില്‍ കുറച്ചു കൂടി ശ്രദ്ധ നല്‍കി വലിയ ഇന്നിങ്‌സുകള്‍ കളിക്കാൻ അലി ശ്രമിക്കണം.”- റമീസ് രാജ പറയുന്നു.
പെഷവാർ സാൽമിക്ക് വേണ്ടി ഈ സീസണിൽ പിഎസ്എൽ അരങ്ങേറ്റം കുറിച്ച 19കാരനായ ഹൈദർ അലി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 239 റണ്‍സാണ് നേടിയത്. പിഎസ്എൽ ചരിത്രത്തിൽ തന്നെ അർധസെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും അദ്ദേഹം നേടിയിരുന്നു. നേരത്തെ, കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സെമിഫൈനലും ഫൈനലും മാത്രം ബാക്കി നിൽക്കെ പിഎസ്എൽ നിർത്തിവച്ചിരുന്നു.
Story Highlights: Peshawar Zalmi’s Haider Ali Could Become Next Virat Kohli or Babar Azam: Ramiz Raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here