കൊവിഡ് 19 : സൗദിയിൽ പൊതുഗതാഗതം നാളെ മുതൽ നിർത്തലാക്കും

കൊറോണയെ തുടർന്നു സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ നാളെ മുതൽ നിർത്തലാക്കും. ആഭ്യന്തര വിമാന സർവീസുകളും, ബസ്,ടാക്‌സി സർവീസുകളും നിർത്തലാക്കും.
നാളെ രാവിലെ 6 മണി മുതലാണ് പൊതുഗതാഗതം നിർത്തലാക്കുക. ആഭ്യന്തര വിമാന സർവീസുകളും, ടാക്‌സി സർവീസുകളും, ബസ് സർവീസുകളും, ട്രയിൻ സർവീസുകളും നിർത്തി വയ്ക്കും. 14 ദിവസത്തേക്കാണ് നിയന്ത്രണം. എന്നാൽ അടിയന്തിരാവശ്യങ്ങൾക്കായുള്ള വിമാന സർവീസുകൾക്കും സ്വകാര്യ വിമാന സർവീസുകൾക്കും കമ്പനികളുടെയും ആരോഗ്യ മേഖലയിലെയും ബസുകൾക്കും എയർപോർട്ട് ടാക്‌സികൾക്കും സർവീസ് നടത്താം. ജിസാനിൽ നിന്നും ഫറസാൻ ദ്വീപിലേക്കുള്ള ഫെറി സർവീസിൽ ദ്വീപ് നിവാസികളും ജോലിക്കാരും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഒരു ട്രിപ്പിൽ പരമാവധി 100 പേർ മാത്രമേ ഫെറിയിൽ യാത്ര ചെയ്യാൻ പാടുള്ളൂ. അന്താരാഷ്ട്ര വിമാന സർവീസുകളും കപ്പൽ സർവീസുകളും നേരത്തെ നിർത്തലാക്കിയിരുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളുടെ മുറ്റത്ത് പ്രാർഥന നിരോധിച്ചു. വെള്ളിയാഴ്ച ഹറം പള്ളികളിൽ വിശ്വാസികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിയന്ത്രണം.
Read Also : കൊറോണ വാക്‌സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി ജെന്നിഫർ ഹാലർ; കൈയടിച്ച് ലോകം
അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു. നിലവിലുള്ള സാഹചര്യത്തെ നാം ശക്തമായി നേരിടുമെന്നും രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തുമെന്നും രാജാവ് പറഞ്ഞു. ഇന്നലെ 36 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ കൊറോണ രോഗ ബാധിതരുടെ എണ്ണം 274 ആയി വർധിച്ചു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here