കൊറോണ വാക്‌സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി ജെന്നിഫർ ഹാലർ; കൈയടിച്ച് ലോകം

ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്നുപിടിക്കുമ്പോൾ വാക്‌സിൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടു നൽകിയിരിക്കുകയാണ് ജെന്നിഫർ ഹാലർ എന്ന യുവതി. സൈബർ എഴുത്തുകാരനായ സന്ദീപ് ദാസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

വാക്സിൻ സുരക്ഷിതമാണെന്ന ഉറപ്പ് ഡോക്ടർമാർ നൽകിയിട്ടില്ല. ഇത് വകവയ്ക്കാതെയാണ് ജെന്നിഫർ
പരീക്ഷണത്തിന് തയ്യാറായത്. പതിനാല് മാസത്തേയ്ക്ക് ജെന്നിഫർ നിരീക്ഷണത്തിലായിരിക്കും. ഉയർന്ന ഡോസാണ് ജെന്നിഫറിന് നൽകിയിരിക്കുന്നത്. ജെന്നിഫറിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇത് ജെന്നിഫർ ഹാലർ.മനുഷ്യവംശത്തിന്റെ നന്മയ്ക്കുവേണ്ടി ഒരു പരീക്ഷണവസ്തുവായി നിന്നുകൊടുത്ത ധീരവനിത !

കൊറോണ വൈറസിനെതിരെ അമേരിക്ക ഒരു വാക്സിൻ കണ്ടുപിടിച്ചിട്ടുണ്ട്. അവരത് മനുഷ്യരിൽ പരീക്ഷിച്ചുവരികയാണ്.വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് ജെന്നിഫറാണ്. വലിയൊരു റിസ്‌കാണ് അവർ എടുത്തിരിക്കുന്നത്.

വാക്സിൻ സുരക്ഷിതമാണെന്ന ഉറപ്പ് ഡോക്ടർമാർ നൽകിയിട്ടില്ല. പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത അവർ തള്ളിക്കളഞ്ഞിട്ടുമില്ല.14 മാസത്തേയ്ക്ക് ജെന്നിഫർ നിരീക്ഷണത്തിലായിരിക്കും.അവർക്ക് ഉയർന്ന ഡോസാണ് നൽകിയിട്ടുള്ളത്.

ജെന്നിഫറിന് 43 വയസ്സേ പ്രായമുള്ളൂ. ഒരുപാട് ജീവിതം ഇനിയും ബാക്കിയുണ്ട്. ടീനേജ് പിന്നിട്ടിട്ടില്ലാത്ത രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് അവർ.ഒന്നും നഷ്ടപ്പെടാനില്ലാത്ത ആളൊന്നുമല്ല എന്ന് സാരം.എന്നിട്ടും ജെന്നിഫർ ഇതിനെല്ലാം തയ്യാറായി.നമ്മുടെ നാട്ടിലെ ചില മൂരാച്ചികൾക്ക് ഇവരിൽനിന്ന് പലതും പഠിക്കാനുണ്ട്.

കേരളത്തിലെ ആരോഗ്യവകുപ്പ് എന്താണ് പറഞ്ഞിട്ടുള്ളത്? കൊറോണ വന്നയുടൻ ആരും മരിക്കില്ല.ഐസോലേഷൻ വാർഡിൽ കിടന്ന് കൃത്യമായ ചികിത്സകൾ സ്വീകരിച്ചാൽ രക്ഷപ്പെടാവുന്നതേയുള്ളൂ.

ഐസോലേഷൻ വാർഡിലെ ജീവിതം ദുരിതമയമൊന്നുമല്ല.കളമശ്ശേരിയിലെ വാർഡിൽ വിളമ്പുന്ന ഗുണനിലവാരമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.സുപ്രീം കോടതിവരെ അഭിനന്ദിച്ച ആരോഗ്യവകുപ്പാണ് കൊച്ചു കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഇത്രയൊക്കെ സൗകര്യങ്ങളുണ്ടായിട്ടും ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്? ചിലർ ചികിത്സ നിഷേധിക്കുന്നു.ഡോക്ടർമാരോട് നുണകൾ പറയുന്നു.ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബലം പ്രയോഗിക്കേണ്ടിവരുന്നു.അഡ്മിറ്റ് ചെയ്തവർ ചാടിപ്പോകാതിരിക്കാൻ കാവൽ ഏർപ്പെടുത്തേണ്ടിവരുന്നു.ചിലർ രോഗവിവരം മറച്ചുവെച്ച് കറങ്ങിനടന്ന് ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തുന്നു !

എന്നാൽ ജെന്നിഫർ ചെയ്തതോ? വാക്സിൻ പരീക്ഷണത്തിന് വളണ്ടിയർമാരെ ആവശ്യമുണ്ടെന്ന അറിയിപ്പു കിട്ടിയപ്പോൾ സന്തോഷപൂർവ്വം അതിനു തയ്യാറായി.ഒരുപാട് നടപടിക്രമങ്ങൾക്കുശേഷമാണ് അവരെ തെരഞ്ഞെടുത്തത്.ഒരു മഹത്തായ കാര്യത്തിനുവേണ്ടി അല്പം ബുദ്ധിമുട്ടാൻ അവർ തയ്യാറായിരുന്നു.ഇതെല്ലാം ചെയ്തത് സമൂഹത്തിനുവേണ്ടിയാണെന്ന് ഓർക്കണം.കൊച്ചു കൊച്ചു ബുദ്ധിമുട്ടുകൾ ഭയന്ന് ആരോഗ്യവകുപ്പുമായി സഹകരിക്കാത്ത മലയാളികൾക്ക് ജെന്നിഫറിനെ മാതൃകയാക്കാം.

ഈ പരീക്ഷണത്തിലെ അപകടസാദ്ധ്യതയെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ജെന്നിഫർ നിഷ്‌കളങ്കമായി ചിരിച്ചു.എന്നിട്ട് മെല്ലെ പറഞ്ഞു-

”ഞാൻ എന്തും നേരിടാൻ തയ്യാറാണ്….!”

നന്മ ചെയ്യാനുള്ള മഹത്തായ ഒരവസരമായിട്ടാണ് ജെന്നിഫർ ഇതിനെ കാണുന്നത്.ചുറ്റിലും മരിച്ചുവീഴുന്ന മനുഷ്യരെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്തകൾ.രജിത് കുമാറിന് സ്വീകരണം നൽകാൻ നെടുമ്പാശ്ശേരിയിൽ തടിച്ചുകൂടിയ ആളുകൾക്ക് ഇതിന്റെ നൂറിലൊന്ന് വിവേകം ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു!

ഈ ലോകത്തിന്റെ എല്ലാ കോണുകളിലും ജെന്നിഫർമാരുണ്ട്.പല രൂപങ്ങളിൽ ; പല ഭാവങ്ങളിൽ.കൊവിഡ്-19 ആർത്തലച്ചുപെയ്യുമ്പോൾ ജെന്നിഫർമാർ നമുക്ക് കവചങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണ്.അവരെ എപ്പോഴും ഓർക്കണം.ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ചട്ടങ്ങൾ പാലിക്കണം.

സ്വയം രക്ഷിക്കാം…
മറ്റുള്ളവരെ സംരക്ഷിക്കാം…
ഒന്നിച്ച് അതിജീവിക്കാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top