കളിക്കാരൻ മുതൽ ഫിഫ പുരസ്കാര ജേതാവ് വരെ; പികെ ബാനർജിയുടെ ജീവിതം ആറ് ഫ്രെയിമുകളിൽ

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പികെ ബാനർജി അല്പം മുൻപാണ് അന്തരിച്ചത്. 83 വയസ്സായിരുന്ന അദ്ദേഹം മാര്‍ച്ച് രണ്ടു മുതല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. മറവിരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയും അദ്ദേഹത്തിനുണ്ടായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് അദ്ദേഹം മരണപ്പെട്ടത്.
936 ജൂണ്‍ 23ന് പശ്ചിമ ബംഗാളിലെ മൊയ്‌നാഗുരിയിലാണ് ബാനർജി ജനിച്ചത്. മികച്ച സ്ട്രൈക്ക്ര് ആയിരുന്ന അദ്ദേഹം 1962ലെ ഏഷ്യൻ ഗെയിംസ്, 1992ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് എന്നീ ടൂർണമെൻ്റുകളിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിൽ ഉൾപ്പെട്ടിരുന്നു. 1960ലെ റോം ഒളിംപിക്സിൽ ഇന്ത്യൻ ടീമിൻ്റെ നായകനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഒളിംപിക്സ് അരങ്ങേറ്റത്തിൽ കരുത്തരായ ഫ്രാൻസിനെ 1-1 എന്ന സ്കോറിൽ പൂട്ടിയപ്പോൾ ടീമിന്റെ സമനില ഗോള്‍ അദ്ദേഹത്തിന്റെ വകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 84 മത്സരങ്ങൾ കളിച്ച അദ്ദേഹം 65 ഗോളുകള്‍ നേടിയിട്ടുണ്ട്.
കളിക്കാരൻ എന്നതിനപ്പുറം ടീം മാനേജർ, പരിശീലകൻ എന്ന നിലയിലും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി & സ്റ്റാറ്റിക്സ്അവാര്‍ഡും ഫിഫ ഫെയര്‍പ്ലേ അവാര്‍ഡും കരസ്ഥമാക്കിയ ഏക ഇന്ത്യന്‍ താരമാണ് ബാനർജി. പ്രഥമ അര്‍ജുന അവാര്‍ഡ്, പദ്മശ്രീ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടി. ബാനർജിയെപ്പറ്റിയുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഫുട്ബോൾ നിരീക്ഷകനായ ഫൈസൽ കൈപ്പത്തൊടി പങ്കുവച്ച പോസ്റ്റ് ബാനർജിയുടെ ജീവിതത്തെ അഞ്ച് ഫ്രെയിമുകളിലൂടെ നോക്കിക്കാണുകയാണ്.
ഫൈസൽ കൈപ്പത്തൊടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഫ്രെയിം – 1
ഒളിമ്പിക് പാര്‍ക് ഗ്രൗണ്ട്, മെല്‍ബണ്‍
1956 മെല്‍ബണ്‍ ഒളിമ്പിക്സ്
സെമിഫൈനല്‍ – ഇന്ത്യ × യുഗോസ്ലോവിയ.
ക്വാര്‍ട്ടറില്‍ ആതിഥേയരെ 4-2ന് മലര്‍ത്തിയടിച്ച ആത്മവിശ്വാസത്തില്‍, സെമിഫൈനലില്‍ ഫസ്റ്റ് ഇലവനില്‍ നമ്പര്‍ വണ്‍ ഗോളിയും, ക്യാപ്റ്റനുമില്ലാതെ ഇറങ്ങി 4-1ന് പരാജിതരായി ദൈന്യതയോടെ കളം വിടുന്ന, ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഏഷ്യക്കാരന്‍റെ ആദ്യഗോളും , ആദ്യ ഹാട്രികും നേടിയ നെവില്‍ ഡിസൂസയുടെ തോളില്‍ തലപൂഴ്ത്തി നില്‍ക്കുന്ന പി. കെ. ബാനര്‍ജി.
ഫ്രെയിം – 2
1960 – റോം ഒളിമ്പിക്സ്
സെപ്റ്റംബര്‍ 29
ഇന്ത്യ × ഫ്രാന്‍സ്
1948-ലെ സെമിഫൈനലിലെ 2-1ന്‍റെ തോല്‍വിയുടെ കനം ഒരു വ്യാഴവട്ടത്തിന് ശേഷം മറ്റൊരു ഒളിമ്പിക്സ് ഗ്രൗണ്ടില്‍ തങ്ങളേക്കാള്‍ അതിശക്തരായ യൂറോപ്യന്‍ വമ്പന്‍മാരോട് പൊരുതിതീര്‍ക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിന് വേണ്ടി 1-1ന്‍റെ സമനിലഗോള്‍ നേടിയ പി.കെ. ബാനര്‍ജി.
ഫ്രെയിം – 3
സെപ്റ്റംബര്‍ 4 – 1962,
സെനയാന്‍ സ്റ്റേഡിയം , ജക്കാര്‍ത്ത.
1962 ഏഷ്യന്‍ ഗെയിംസ് ഫൈനല്‍.
ഒരു ലക്ഷത്തിന് മേല്‍ ആര്‍ത്തിരമ്പിയ ജനസഞ്ചയത്തിന് മുമ്പില്‍ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ സൗത്ത് കൊറിയയെ 2-1ന് പരാജയപ്പെടുത്തി ഏഷ്യന്‍ രാജാക്കന്‍മാര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ , ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണകാലഘട്ടത്തിന് സമാനതകളില്ലാത്ത വിധം ഹേതുഭൂതനായ ജ്ഞാനവയോധികന്‍ കോച്ച് സയ്യിദ് അബ്ദുല്‍ റഹീമിന്‍റെ കഴുത്തില്‍ വികാരവായ്പുകളോടെ അണിയിക്കുന്ന പി.കെ.ബാനര്‍ജി.
ഫ്രെയിം – 4
1970 –
Bangok ഏഷ്യന്‍ ഗെയിംസ്
ലൂസേഴ്സ് ഫൈനല്‍
ഇന്ത്യ × ജപ്പാന്‍
ഏഷ്യന്‍ രാജാക്കന്മാരായ ജപ്പാനെതിരെ കളിയില്‍ ഏകഗോള്‍ നേടിയ അമര്‍ ബഹാദൂറിനെ ആശ്ലേഷിക്കുന്ന ക്യാപ്റ്റന്‍ സയ്യിദ് നഈമുദ്ദീനെ വികാരപരതയോടെ തന്‍റെ അടുത്തേക്ക് വിളിക്കുന്ന ടീം മാനേജര്‍ പി.കെ. ബാനര്‍ജി .
ഫ്രെയിം – 5
Sep 24 1977
ഈഡന്‍ ഗാര്‍ഡന്‍സ് , കല്‍ക്കത്ത
മോഹന്‍ ബഗാന്‍ × ന്യൂയോര്‍ക്ക് കോസ്മോസ്.
ലോകഫുട്ബോള്‍ തന്‍റെ പദചലനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യിപ്പിച്ച സാക്ഷാല്‍ പെലെയെ പോലും സൂക്ഷ്മമായ ഗെയിം പ്ലാനുകളാലും സ്ബ്സ്റ്റിറ്റ്യൂഷനുകളാലും തട കെട്ടി നിര്‍ത്തി 2-2ന്‍റെ സമനില നേടിയെടുത്ത് , ഇതിഹാസതാരത്തിന്‍റെ പ്രശംസയേറ്റ് വാങ്ങുന്ന ബഗാന്‍ കോച്ച് പി. കെ. ബാനര്‍ജി .
ഫ്രെയിം – 6
ഫിഫ ആസ്ഥാനം, 2004
ലോകഫുട്ബോള്‍ സംഘടനയുടെ 20ാം നൂറ്റാണ്ടിന്‍റെ ഇന്ത്യന്‍ ഫുട്ബോള്‍ താരം എന്ന നേട്ടത്തിന് ഫിഫ ഒരു കളിക്കാരന് നല്‍കുന്ന ഏറ്റവും അഭിമാനകരമായ പട്ടം ‘ Centenial FIFA Order of Merit ‘ ഏറ്റുവാങ്ങുന്ന ഒരേയൊരു ഇന്ത്യന്‍ ഫുട്ബോളര്‍ പി.കെ. ബാനര്‍ജി..
ലോകഫുട്ബോളില്‍ ഇന്ത്യയുടെ മുദ്രപതിഞ്ഞ എല്ലാ ഫ്രെയിമിലും കേന്ദ്രബിന്ദുവായ ഒരേയൊരു താരം. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി & സ്റ്റാറ്റിക്സ് (IFHSS)അവാര്‍ഡും FIFA ഫെയര്‍പ്ലേ അവാര്‍ഡും കരസ്ഥമാക്കിയ ഏക ഇന്ത്യന്‍, പ്രഥമ അര്‍ജുന അവാര്‍ഡ്, പദ്മശ്രീ അങ്ങനെയങ്ങനെ … ഒരു പുരുഷായുസ്സില്‍ വ്യക്തിഗതമായി ഇത്രയധികം നേട്ടങ്ങളുണ്ടാക്കിയ മറ്റൊരു ഇന്ത്യന്‍ കായികതാരമില്ല.
ഒടുക്കം പ്രോജ്ജ്വലമായ നിമിഷങ്ങള്‍ കൊണ്ട് ചരിത്രത്താളുകള്‍ക്ക് നിറം നല്‍കി വരും തലമുറകള്‍ക്ക് കാല്‍പന്തുകളിയില്‍ മുമ്പോട്ടുള്ള പ്രയാണത്തിന് ചരിത്രത്തിന്‍റെ ഊര്‍ജ്ജം പകര്‍ന്ന് പി.കെ. ദാ എന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, കല്‍ക്കത്ത മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തന്‍റെ അവസാനശ്വാസവും അടയാളപ്പെടുത്തി ഇന്ന് വിടവാങ്ങി.
Story Highlights: Viral fb post about footballer pk banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here