താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം; ബറോഡയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനെ പുറത്താക്കി

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബറോഡ വനിതാ ടീം പരിശീലകൻ അതുല്‍ ബദാദെയെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സസ്‌പെന്‍ഡ് ചെയ്തു. ഹിമാചൽ പ്രദേശിൽ നടന്ന ടൂർണമെൻ്റിനിടെ താരങ്ങളോട് ബദാദെ മോശമായി പെരുമാറി എന്നാണ് പരാതി. അന്വേഷണ വിധേയമായാണ് മുൻ ദേശീയ താരം കൂടിയായ ബദാദയെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് ബദാദെ ബറോഡ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റത്. ബദാദെ തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നും തങ്ങളെ പരസ്യമായി അപഹസിച്ചു എന്നും താരങ്ങൾ പരാതിപ്പെടുകയായിരുന്നു. ബദാദെയെ സസ്പെൻഡ് ചെയ്ത ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി ലഭിച്ച ഉടനെ ബദാദെക്കെതിരെ നടപടി സ്വീകരിച്ചു എന്നും സംഭവത്തില്‍ അന്വേഷണത്തിനായി ഒരു ഏകാംഗ കമ്മിഷനെ നിയോഗിച്ചു എന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെ പറഞ്ഞു.
ഇന്ത്യക്കായി 13 ഏകദിനങ്ങള്‍ കളിച്ച താരമാണ് 53കാരനായ അതുൽ ബദാദെ. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ബദാദെ 64 രഞ്ജി ട്രോഫി മത്സരങ്ങളും കളിച്ചിട്ടുണ്ട്. ബറോഡയുടെ പുരുഷ ടീമിന്റെ പരിശീലകനായും ബദാദെ പ്രവര്‍ത്തിച്ചിരുന്നു.
Story Highlights: Atul Bedade suspended as Baroda women’s coach for alleged sexual harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here