കൊവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസിക്ക് മാതാവിന്റെ മരണാനന്തരക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്‍കി പൊലീസ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ള പ്രവാസിയുടെ മാതാവിന്റെ മരണാനന്തരക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്‍കി പൊലീസ്. കോഴിക്കോട് സ്വദേശിയും ദുബായിലെ ബാങ്ക് ഉദ്യോഗസ്ഥനുമായ ആനന്ദ് രാമസ്വാമിയുടെ അമ്മയുടെ മരണാനന്തര ക്രിയകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങള്‍ കിട്ടാന്‍ എല്ലാവഴിയും അടഞ്ഞപ്പോള്‍ സഹായത്തിനെത്തിയത് കസബ ജനമൈത്രി പൊലീസാണ്.

ആനന്ദിന്റെ അമ്മ ഗീതാ നാരായണന്‍ മാര്‍ച്ച് 15 നാണ് മരിച്ചത്. പിറ്റേന്ന് രാവിലെ 7.45 ന് ആനന്ദും സഹോദരന്‍ സൂര്യനാരായണനും കുടുംബസമേതം കോഴിക്കോട് വിമാനമിറങ്ങി. വിദേശത്തുനിന്നുള്ളവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് നിര്‍ദേശമുള്ളതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ക്കുള്ള സാധനങ്ങള്‍ ലഭിക്കാന്‍ പ്രയാസമായി. 13 ദിവസത്തേക്ക് പ്രത്യേക ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.

ഇതിനിടെയാണ് ദിവസവും ഫോണ്‍വിളിച്ച് ആവശ്യങ്ങള്‍ തിരക്കുന്ന ജനമൈത്രി പൊലീസിനോട് സങ്കടം പറഞ്ഞത്. സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ പൊലീസും ചില കടക്കാരോട് പറഞ്ഞെങ്കിലും അവര്‍ തയാറായില്ല. സാധനങ്ങള്‍ വാങ്ങി ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ ടി നിറാസും യു പി ഉമേഷും ഓട്ടോ വിളിച്ചെങ്കിലും അവരും തലയൂരി. ഇതോടെ പൊലീസുകാര്‍ ബൈക്കില്‍ ഓല, കുരുത്തോല, തെങ്ങിന്‍പൂക്കുല, പൂജാ സാധനങ്ങള്‍, പുഷ്പങ്ങള്‍ എന്നിവയൊക്കെയായി ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്‌കൂളിനു സമീപമുള്ള പ്രശാന്തിയെന്ന വീട്ടിലെത്തി.

Story Highlights: kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top