Advertisement

കൊവിഡ് 19: കോഴിക്കോടും കാസര്‍ഗോഡും നിരോധനാജ്ഞ

March 22, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി (22-03-2020) ഒന്‍പത് മണിമുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനാജ്ഞ.

ജില്ലകളില്‍ എല്ലാ ആഭ്യന്തര, പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്താലാക്കും. അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളുടെയും ബാര്‍ബര്‍ ഷോപ്പുകളുടെയും ബ്യൂട്ടി പാര്‍ലറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം.

പൊതു ഇടങ്ങളിലുള്ള കൂട്ടം ചേരലുകള്‍ അനുവദിക്കില്ല. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. എല്ലാത്തരം ആരാധനാലയങ്ങളുടെയും മത സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. ക്ലബ്ബുകള്‍, സിനിമാ തിയറ്ററുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, മറ്റ് വിനോദ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടണം.

രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ തുറക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ കുറഞ്ഞത് ഒരു മീറ്ററിലധികം അകലം പാലിച്ച് സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമെ കടകള്‍ക്ക് മുന്നിലോ കടകള്‍ക്കുള്ളിലോ ആളുകള്‍ എത്തിച്ചേരുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പുവരുത്തും.

സ്‌കൂളുകള്‍, കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍, ക്യാമ്പുകള്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ പാടില്ല. ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ പാടില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും 10 ലധികം പേര്‍ ഒരുമിച്ച് ചേരരുത്. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

വിവാഹങ്ങളില്‍ ഒരെസമയം 10 പേരില്‍ കൂടുതല്‍ പാടില്ല. ആകെ പങ്കെടുക്കുന്നവര്‍ 50 പേരില്‍ കൂടുതലാവാനും പാടില്ല. വിവാഹ തിയതും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫീസുകളിലും അറിയിക്കണം. ഹാര്‍ബറുകളിലെ മത്സ്യ ലേല നടപടികള്‍ നിരോധിച്ചു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here