വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശികൾ ചുറ്റിനടന്നു; നിർദേശവുമായി എത്തിയ ഉദ്യോഗസ്ഥർക്ക് അസഭ്യവർഷം; കേസ്

കൊല്ലം കുണ്ടറയിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ രണ്ട് കുടുംബങ്ങളിലെ ഒൻപത് അംഗങ്ങൾ നാട്ടിൽ ചുറ്റിനടന്നു. വീട്ടിനുള്ളിൽ കഴിയണമെന്ന് ആവശ്യപ്പെട്ട ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറഞ്ഞു .വിവിധ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തു.

വിദേശത്തുനിന്ന് എത്തി നാട്ടിൽ കറങ്ങി നടന്ന കുടുംബത്തിനെ ശാസിക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ അസഭ്യം പറഞ്ഞാണ് കുണ്ടയിലെ രണ്ട് വീട്ടുകാർ പ്രതികരിച്ചത്. കളക്ടർ നേരിട്ട് ഇടപെട്ട് ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഒൻപത് പേരേയും വീട്ടിൽ നിരീക്ഷണത്തിലാക്കി. ജില്ലാ കളക്ടറും കുണ്ടറ സർക്കിൾ ഇൻസ്പെക്ടറും ഇടപെട്ട് ശക്തമായ താക്കീത് നൽകിയതിന് ശേഷം മാത്രമാണ് കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽ കഴിയുമെന്ന് ഉറപ്പുനൽകിയത്.

മേക്കോൺ റസിഡൻസി റോഡിലെ രണ്ട് കുടുംബങ്ങളിലെ ഒൻപത് അംഗങ്ങളാണ് കഴിഞ്ഞ 14-ന് ദുബായിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി നാട്ടിലെത്തിയത്. നാട്ടിലെത്തിയ ദിവസം മുതൽ ഇവർ പരിസരങ്ങളിലും പള്ളികളിലുമൊക്കെയായി കറങ്ങി നടക്കുന്നുവെന്ന് നാട്ടുകാർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു.  കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതർ ഇവരുടെ വീട്ടിലെത്തി കൊവിഡ് പകരുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇവരെ ധരിപ്പിച്ചിരുന്നു. വീട്ടിനുള്ളിൽ കഴിയണമെന്നും ആവശ്യപ്പെട്ടു. ഇത് കുടുംബാംഗങ്ങൾ അനുസരിക്കുന്നില്ലെന്ന് ശ്രദ്ധിച്ച നാട്ടുകാർ ശനിയാഴ്ച വീണ്ടും ആരോഗ്യവകുപ്പ് അധികൃതരെ വിവരം ധരിപ്പിച്ചു.

ശനിയാഴ്ച ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘം വീണ്ടും കുണ്ടറ സ്റ്റേഷനിലെ സി.പി.ഓയുമായി ഇവരുടെ വീട്ടിലെത്തി. നിയന്ത്രണങ്ങൾ ശക്തമായി പാലിക്കണമെന്നും വീട്ടിനുള്ളിൽ കഴിയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് കുടുംബാംഗങ്ങളെ അറസ്റ്റു ചെയ്ത് തടവിൽ പാർപ്പിക്കേണ്ടിവരുമെന്ന് അറിയിച്ചതോടെയാണ് ഇവർ വീട്ടിനുള്ളിൽ തന്നെ കഴിയാമെന്ന് സമ്മതിച്ചത്.

story highlights- corona virus, kollam native, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top