എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ അത് പ്രാർത്ഥന പോലെ ആയി മാറുന്നു; ഫേസ്ബുക്ക് കുറിപ്പുമായി മോഹൻലാൽ

കൊവിഡ് 19 വൈറസ് ബാധയുടെ യുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മോഹൻലാൽ. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനെപ്പറ്റിയും പാത്രങ്ങൾ അടിച്ച് ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കണമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയെ പറ്റിയുമാണ് താരത്തിൻ്റെ പോസ്റ്റ്. എല്ലാവരും ചേർന്ന് കയ്യടിക്കുമ്പോൾ അത് പ്രാർത്ഥന പോലെ ആയി മാറുന്നു എന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം നമുക്ക് ഇരു കൈകളും നീട്ടി സ്വീകരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി…. ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.
നേരത്തെ, പാത്രങ്ങൾ കൊണ്ട് മുട്ടി ശബ്ദമുണ്ടാക്കുമ്പോൾ വൈറസ് നശിച്ചു പോകാൻ സാധ്യതയുണ്ടെന്ന മോഹൻലാലിൻ്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. അതിൽ ഒരു വിശദീകരണമെന്ന നിലയിലാണ് ഫേസ്ബുക്ക് പോസ്റ്റ്.
Story Highlights: mohanlal fb post about covid 19 janata curfew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here