ജനകീയ കർഫ്യൂ; പൊതുയിടങ്ങൾ ശുചീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം

ജനകീയ കർഫ്യൂ ദിനത്തിൽ പൊതുയിടങ്ങൾ ശുചീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. കൊവിഡ് 19 രോഗ ബാധയെ പ്രതിരോധിക്കാൻ തീവ്രമായ പരിശ്രമമാണ് പത്തനംതിട്ട ജില്ലയിൽ ഉടനീളം നടക്കുന്നത്. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, നഗര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ അണുവിമുക്തമാക്കുന്നത്. കർഫ്യൂവിന് ജനങ്ങളും പരിപൂർണ പിന്തുണയാണ് നൽകുന്നത്.
പ്രധാന മന്ത്രി പ്രഖ്യാപിച്ച ജനകീയ കർഫ്യൂ ജില്ലയിൽ പൂർണമാണ്. പൊതു വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ ഒന്നും തന്നെ നിരത്തിൽ ഇറങ്ങിയിട്ടില്ല. കൂടാതെ കടകളും അടഞ്ഞ് കിടക്കുകയാണ്. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുഇടങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ പി ബി നൂഹിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
അതേസമയം, വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ യുഎഇയിൽ നിന്ന് എത്തിയ ആളും ഒരാൾ കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുമായി ഇടപെഴകിയ ആളുമാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി. ബാക്കി ജില്ലകളിലും ശുചീകരണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.
Story highlight: Pathanamthitta, Cleaning Public Lands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here