കൊവിഡ് 19 : സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നു

സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കിക്കഴിഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്റര്‍വ്യൂ നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കല്‍ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കില്‍ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍ക്കണ്ട് ആരോഗ്യ വകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇവയിലെല്ലാം കൂടി 6,000ത്തോളം ഐസൊലേഷന്‍ കിടക്കകള്‍ തയാറാക്കിയിരുന്നു. ഇതുകൂടാതെ 21,866 പേരെ ഒരേസമയം താമസിക്കാന്‍ കഴിയുന്ന കൊറോണ കെയര്‍ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് പുതുതായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : covid 19, coronavirus, 276 doctors , Emergency appointments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top