ഷാപ്പ് ലേലം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന ഷാപ്പ് ലേലത്തിനിടെ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ഷാപ്പ് ലേല നടപടികള്‍ മാറ്റി വയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലേല സ്ഥലങ്ങളില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം തുടരുമ്പോഴാണ് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കല്‍ നടന്നത്. വയനാട്ടില്‍ കളക്ടറേറ്റില്‍ ലൈസന്‍സ് പുതുക്കല്‍ നടപടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തള്ളിക്കയറാന്‍ ശ്രമിച്ചവരെ പൊലീസ് പിടിച്ചുമാറ്റി. പാലക്കാട് ഹാളിനകത്ത് കൃത്യമായ അകലം പാലിച്ചാണ് ലൈസന്‍സ് പുതുക്കാനെത്തിയവര്‍ ഇരുന്നത്. എന്നാല്‍ പുറത്ത് പ്രതിഷേധക്കാരും പൊലീസുമടക്കം 200 ലധികം പേരുണ്ടായിരുന്നു. സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അടുത്ത ദിവസത്തേക്ക് മാറ്റി. ഇടുക്കിയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിര്‍ദേശിച്ച മുന്‍കരുതല്‍ പാലിച്ചായിരുന്നു ലേല നടപടികള്‍ നടന്നത്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here