കൊവിഡ് 19: ദിവസ വേതനക്കാരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെക്കുറിച്ച് ധാരണ വേണം. വാർഡ് തല സമിതികൾ ഇക്കാര്യം ഏകോപിപ്പിക്കണം. കൊവിഡ് 19 വൈറസ് ബാധിതരെ സഹായിക്കാൻ സ്വയം തയ്യാറായ സന്നദ്ധപ്രവർത്തകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകയും ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താമസിക്കാൻ വീടില്ലാത്തവർ ഉണ്ട്. കടവരാന്തയിലും മറ്റും കിടന്നുറങ്ങുന്നവരുണ്ട്. അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനും ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും ശ്രദ്ധിക്കണം. ഇവരുടെ കണക്കെടുത്ത് ഒരു കേന്ദ്രത്തിൽ താമസ, ഭക്ഷണ സൗകര്യം ഒരുക്കണം. കടകളിൽ ഭക്ഷണസാധനങ്ങൾ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് കാസർഗോഡ് എംഎൽഎമാരോട് ആവശ്യപ്പെട്ടു. ബാക്കിയുള്ളവരോട് പിന്നീട് സംസാരിക്കും.
ഇതോടൊപ്പം മാനസിക പ്രയാസം അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് നൽകണം. ഇതിനായി കൗൺസിലർമാരെ കണ്ടെത്താൻൻ എംഎൽഎമാർ നേതൃത്വം നൽകണം. ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും മറ്റ് സഹായങ്ങളും ലഭ്യമാക്കാനും എംഎൽഎമാർ ശ്രദ്ധിക്കണം. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ തയ്യാറാക്കണം. അതിനു പറ്റിയ കെട്ടിടങ്ങൾ കണ്ടെത്തണം. അതിനും എംഎൽഎമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല, വീട്ടിലെ മുറിയിൽ കഴിയലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുറിയിൽ ശുചിമുറി ഉണ്ടാവണം. ഐസൊലേഷനിൽ കഴിയുന്നയാൾക്ക് ഭക്ഷണം നൽകുന്നതും മറ്റും ഒരാൾ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കഴിക്കുന്ന പാത്രങ്ങൾ പ്രത്യേകമായി സൂക്ഷിക്കണം. എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ അവിടെ എത്തും. നിരീക്ഷണത്തിൽ ഉള്ളയാൾ കഴിയുന്ന ഇടത്ത് മാസ്കും സാനിറ്റസറുകളും വേണ്ടത്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത്തരം സൗകര്യങ്ങൾ ഇല്ലാത്ത വീടാണെങ്കിൽ അയാൾ അവിടെ കഴിയാൻ പാടില്ല. അങ്ങനെയെങ്കിൽ അയാളെ പൊതുവായ ഐസൊലേഷൻ സൗകര്യങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Chief Minister wants special consideration for day wage workers, elderly and differently abled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here