തിരിച്ചുവരവിന് ഒരുങ്ങി ചെെന; വുഹാനും ഹുബൈയ് പ്രവിശ്യയും തുറക്കും

കൊവിഡ് 19 വ്യാപനത്തിന് ശമനമായതോടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറക്കും. ഹുബെയ് പ്രവിശ്യ ഇന്ന് തുറന്നുകൊടുക്കുമ്പോള്‍ വുഹാന്‍ ഏപ്രില്‍ എട്ടിനാണ് തുറക്കുക.ചൈനയില്‍ കൊവിഡ് 19 വ്യാപനത്തിന് ഏതാണ്ട് ശമനമായ സാഹചര്യത്തിലാണ് ഹുബെ പ്രവിശ്യയും തലസ്ഥാന നഗരിയായ വുഹാനും തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ജനുവരി 23നാണ് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഹുബെയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകള്‍ നീക്കുമെങ്കിലും മറ്റ് മേഖലകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വുഹാന്‍ ഏപ്രില്‍ എട്ടിന് മാത്രമെ തുറന്നുകൊടുക്കുള്ളൂവെങ്കിലും ഹുബെ പ്രവിശ്യയിലെ മറ്റ് മേഖലകളില്‍ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും അറിയിപ്പുണ്ട്.

Read Also: യുഎഇയിൽ വിമാന സർവീസ് നിർത്തിവച്ചു; പ്രവാസികളുടെ മൃതദേഹങ്ങൾ അനാഥമാകുന്നു

ഡിസംബറില്‍ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൂന്ന് മാസത്തിനിടെ ഇവിടെ 2500 പേരാണ് മരിച്ചത്. ചൈനയിലെ മൊത്തം മരണസംഖ്യ 3281 ആയിരിക്കെ മരിച്ചവരില്‍ 80 ശതമാനവും വുഹാനില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചൈനയില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്.

 

china, coronavirus

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More