സന്നദ്ധ പ്രവര്‍ത്തനം ഏതെങ്കിലും സംഘടനയുടെ മേന്മ കാണിക്കാനുള്ള സന്ദര്‍ഭമായി കാണരുത്: മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ആകെയുള്ള പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന പരിഹരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ അതി വിപുലമായ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കും. വാര്‍ഡ്തല സമിതികള്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ് തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ സന്നദ്ധപ്രവര്‍ത്തനത്തിനായി കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനോ മേന്മ കാണിക്കാനോ ഉള്ള സന്ദര്‍ഭമായി ഇതിനെ എടുക്കരുത്. പൊതുവായി എല്ലാവരും സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളും ഇടുക്കി, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും എത്തിയതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന രണ്ട് പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
76542 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. എട്ട്‌പേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം കിട്ടിയത്. 12 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here