സാധനങ്ങൾ വില കൂട്ടി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനിറങ്ങിയ നഗരസഭാ ജീവനക്കാർക്ക് മർദ്ദനം; കൊണ്ടോട്ടി പൊലീസിനെതിരെ പരാതി

സാധനങ്ങൾ വില കൂട്ടി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനിറങ്ങിയ നഗരസഭാ ജീവനക്കാരെ മർദ്ദിച്ച് കൊണ്ടോട്ടി പൊലീസ്. നഗരസഭാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കാണ് മർദ്ദനമേറ്റത്. ആളറിയാതെ സംഭവിച്ചതാണെന്നാണ് പൊലീസിൻ്റെ വിശദീകരണം. സംഭവത്തിൽ സെക്രട്ടറി ഇൻചാർജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൊണ്ടോട്ടിയിലെ കടകളിൽ അവശ്യ സാധനങ്ങൾക്ക് വില വർധിപ്പിക്കുന്നു എന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് നഗരസഭാ ജീവനക്കാർ പരിശോധിക്കാൻ ഇറങ്ങിയത്. നഗരസഭാ ജീവനക്കാർ കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട പൊലീസ്, വാഹനം നിർത്തി ഇറങ്ങി ഇവരെ മർദ്ദിക്കുകയായിരുന്നു. നിരോധനാജ്ഞ ആയതിനാൽ അഞ്ച് പേരിൽ കൂടുതൽ ഒരുമിച്ച് കൂടി നിൽക്കരുതെന്ന് നിർദ്ദേശമുണ്ട്. ഈ നിർദ്ദേശങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു പൊലീസിൻ്റെ മർദ്ദനം. സെക്രട്ടറി ഇൻചാർജ് പിടി ബാബു, ജെഎച്ചൈ അനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ കെസി ഷീബ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് സെക്രട്ടറി ഇൻചാർജ് പൊലീസിൽ പരാതി നൽകി.

ആളറിയാതെ മർദ്ദിച്ചു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 76,542 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഒന്‍പത് പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരികരിച്ചിരുന്നു. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 122 പേരെയാണ് ഇന്നലെ ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Story Highlights: police beat municipality employees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top