എന്താണ് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം ? അത് നമ്മെ എങ്ങനെ ബാധിക്കും ? [24 Explainer]

വായ്പാ തിരിച്ചടവിനുള്ള സാവകാശം എന്നാണ് മൊറട്ടോറിയം കൊണ്ട് അർത്ഥമാക്കുന്നത്. പ്രഖ്യാപിക്കുന്ന കാലയളവിൽ വായ്പകളുടെ ഇഎംഐ തിരിച്ചടയ്‌ക്കേണ്ട ഇത് ‘ഇഎംഐ ഹോളിഡേ’ എന്നും അറിയപ്പെടുന്നു.
ഇന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം മൂന്ന് മാസമാണ്. അതുകൊണ്ട് മൂന്ന് മാസം ഇഎംഐ തിരിച്ചടയ്‌ക്കേണ്ട.
പ്രത്യേകം ശ്രദ്ധിക്കുക :
ഇന്ന് ആർബിഐ നൽകിയിരിക്കുന്നത് ബാങ്കുകൾക്കുള്ള നിർദേശമാണ്. ഓരോ ബാങ്കുകളും ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനമാണ് നിർണായകം. നിങ്ങൾ വായ്പ എടുത്ത ബാങ്ക് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് മൂന്ന് മാസത്തേക്ക് ഇഎംഐ തിരിച്ചെടുക്കില്ലെന്ന് അറിയിപ്പ് തരും വരെ നിലവിലെ അവസ്ഥ തുടരും.
ഇഎംഐ അടയ്ക്കുന്നതിൽ ഇളവ് നൽകുമോയെന്ന് എങ്ങനെ അറിയാം ?
ഇന്ന് ആർബിഐ നൽകിയിരിക്കുന്നത് പൊതുവായ നിർദേശമാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ വരാനിരിക്കുന്നതേയുള്ളു. ഈ മാർഗനിർദേശങ്ങൾ വരുമ്പോൾ മാത്രമേ കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകൂ.
ബാങ്ക് തലത്തിലെ നടപടി എങ്ങനെയായിരിക്കും ?
എല്ലാ ബാങ്കുകളും മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചർച്ചകൾ ബോർഡ് തലത്തിൽ നടത്തും. ബോർഡ് തീരുമാനങ്ങൾക്ക് അംഗീകാരമാകുന്നതോടെ ഇത് ഉപഭോക്താക്കളെ അറിയിക്കും.
മൂന്ന് മാസത്തെ ഇഎംഐ മൊറട്ടോറിയം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ ?
ഇല്ല. എന്നാൽ കൂടുതൽ വ്യക്തതയ്ക്ക് ഓരോ ബാങ്കുകളുടെയും തീരുമാനം വരണം. ആർബിഐ നിർദേശമനുസരിച്ച് മൊറട്ടോറിയം കാലയളവിലെ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.
മൊറട്ടോറിയം നൽകാനാവുന്ന ബാങ്കുകൾ
എല്ലാ വായ്പാ ദാതാക്കളും
വാണിജ്യ ബാങ്കുകൾ
റീജ്യണൽ റൂറൽ ബാങ്കുകൾ
സ്‌മോൾ ഫിനാൻസ് ബാങ്ക്
പ്രാദേശിക ബാങ്കുകൾ
ഓൾ ഇന്ത്യ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻസ്
എൻബിഎഫ്‌സികൾ (എച്ച്ഡിഎഫ്‌സി ഉൾപ്പെടെയുള്ള ഹൗസിംഗ് ഫിനാൻസ് കമ്പനികൾ)
മൊറട്ടോറിയം കാലാവധി
മാർച്ച് 1, 2020 മുതൽ മേയ് 31, 20202 വരെ (ഈ മൂന്ന് മാസങ്ങളിലെ ഇഎംഐ അടയ്‌ക്കേണ്ട).
ഏതൊക്കെ വായ്പകൾ
നിശ്ചിത പരിധിയുള്ള എല്ലാ വായ്പകളും
ഭവന വായ്പകൾ
വാഹന വായ്പകൾ
കാർഷിക വായ്പകൾ
റീട്ടെയ്ൽ ലോണുകൾ
ക്രോപ്പ് ലോണുകൾ
ക്രെഡിറ്റ് കാർഡ് ഇഎംഐ ഉൾപ്പെടുമോ ?
ക്രെഡിറ്റ് കാർഡ് ഇഎംഐ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ആർബിഐ വിശദീകരണം നൽകിയിട്ടുണ്ട്. ഇതോടെ ക്രെഡിറ്റ് കാർഡുകളുടെ ഔട്ട്‌സ്റ്റാൻഡിംഗ് ബാലൻസുകൾക്കും ആനുകൂല്യം ലഭിക്കും.
ഇഎംഐക്കും ക്രെഡിറ്റ് കാർഡ് ഡ്യൂകൾക്കും പുറമേ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു ?
വായ്പകളുടെ മുതലും പലിശയും ബുള്ളറ്റ് പേയ്‌മെന്റുകൾ (ഒറ്റത്തവണയായി വായ്പകളുടെ തിരിച്ചടവ്) എന്നിവയും പ്രഖ്യാപനത്തിന്റെ പരിധിയിൽ വരും.
ക്രെഡിറ്റ് ഹിസ്റ്ററിയോ ക്രെഡിറ്റ് സ്‌കോറിനെയോ ഈ തിരിച്ചടവ് മുടങ്ങൾ ബാധിക്കില്ല. ഈ 90 ദിവസ പരിധി കിട്ടാക്കടത്തിലേക്ക് ഉൾപ്പെടുന്നില്ല.
എല്ലാ വായ്പാ തിരിച്ചടവ് കാലാവധികളും മൂന്ന് മാസം കൂടി നീളും. ഉദാ-5 വർഷം തിരിച്ചടവ് 5 വർഷവും മൂന്ന് മാസവുമാകും. തിരിച്ചടയ്ക്കാൻ പണമുള്ളവർ മൊറട്ടോറിയം ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്.
നിർമാണ ശാലകൾക്കായിട്ട് മാത്രമുള്ള പ്രൊജക്ട് ലോണുകൾക്ക് മൊറട്ടോറിയം ലഭിക്കുമോ ?
തിരിച്ചടവിന് ബുദ്ധിമുട്ടുള്ളതും ടേം ലോൺ (ഒരു പ്രത്യേക തിരിച്ചടവ് കാലാവധിയുള്ളത് )
എന്ന വ്യവസ്ഥകളിൽ വരുന്നതുമായ ഏത് വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്.
ബിസിനസുകാർക്കും, വ്യവസായികൾക്കും ആർബിഐ പ്രഖ്യാപനത്തിലെന്തുണ്ട് ?
പ്രവർത്തന മൂലധനത്തിനായെടുത്ത വായ്പകൾക്ക് മൂന്ന് മാസം പലിശയിളവ്. 2020 മാർച്ച് 1 വരെ പ്രവർത്തന മൂലധനാവശ്യത്തിനെടുത്ത വായ്പകളുടെ പലിശകൾക്ക് ബാധകം.
വായ്പാ വ്യവസ്ഥകളിൽ മൊറട്ടോറിയം കൊണ്ട് മാറ്റമുണ്ടാകുമോ ?
ഇല്ല. മൊറട്ടോറിയം നൽകുന്നത് മൂന്ന് മാസത്തെ സാവകാശം മാത്രമാണ്. മറ്റ് വായ്പാ വ്യവസ്ഥകൾ മാറില്ല.
മൂന്ന് മാസത്തിന് ശേഷം തിരിച്ചടയ്ക്കുമ്പോൾ സിംപിൾ ഇന്ററസ്റ്റ് ആണോ ? അധിക പലിശ നൽകേണ്ടി വരുമോ ?
ആർബിഐ നിർദേശം അനുസരിച്ച് അധിക പലിശ ഉണ്ടാവില്ല. കൃത്യമായ വിവരത്തിന് ബാങ്കുകളുടെ തീരുമാനത്തിന് കാത്തിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here