കർണാടകയിൽ കൊവിഡ് ബാധിച്ച് 65 കാരൻ മരിച്ചു; ഇയാൾക്കൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരെ കണ്ടെത്താനായി ശ്രമം ആരംഭിച്ചു

രാജ്യത്തെ ഭീതിയിലാഴ്ത്തി വീണ്ടും കൊവിഡ് മരണം. ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങളാണ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇതോടെ 18 ആയി.
കർണാടകയിലെ തുമകുരു സ്വദേശിയായ 65 കാരനാണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. മാർച്ച് 5ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്ന ഇയാൾ മാർച്ച് 11നാണ് കർണാടകയിൽ തിരിച്ചെത്തിയത്. ഇയാളോടൊപ്പം സഞ്ചരിച്ച മറ്റ് സഹയാത്രികരെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നേരത്തെ രാജസ്ഥാൻ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്ന് ബിഹാറിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാൾ വിദേശത്ത് പോയിട്ടില്ല. ബിഹാറിൽ ഇതുവരെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിലും ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.
മഹാരാഷ്ട്രയിൽ 128 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here