കാസർഗോഡ് കൊവിഡ് ബാധിതർ 47 ആയി; സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ പരിശോധന ഫലം നിർണായകം

കാസർഗോഡ് കൊവിഡ് 19 ബാധിതരുടെ എണ്ണം 47 ആയി. ജില്ലയിൽ 4798 പേർ നിരീക്ഷണത്തിലുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം നിർണായകമാകും. ഇന്നലെ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതിൽ ഒരാൾ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ്. മാർച്ച് 21ന് കൊവിഡ് 19 സ്ഥിരീകരിച്ച ദുബായിൽ നിന്നുള്ള വ്യക്തിയെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വാഹനത്തിൽ കൂട്ടികൊണ്ട് വന്ന ചെങ്കള സ്വദേശിയാണ് ഇയാൾ. മറ്റ് രണ്ട് പേരും മാർച്ച് 21ന് ദുബായിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തി സ്വകാര്യ വാഹനത്തിൽ നാട്ടിലെത്തിയവരാണ്. നിർദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നതിനാൽ കൂടുതൽ സമ്പർക്കമുണ്ടാകാനിടയില്ലെന്നാണ് ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം.
Read Also: പ്രവാസികൾ ആശങ്കപ്പെടേണ്ട, കേരളത്തിലെ ബന്ധുമിത്രാദികൾ സുരക്ഷിതരാണ്: മുഖ്യമന്ത്രി
കൊവിഡ് ലക്ഷണങ്ങളോടെ 100 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. 215 പേരുടെ പരിശോധനാ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. ഇതിൽ സമ്പർക്ക പട്ടികയിലെ നൂറോളം ഫലങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ആശങ്കയോടൈ നോക്കി കാണുന്നത്.സമൂഹ വ്യാപനം എന്ന ഘട്ടത്തിലേക്ക് ജില്ലയിൽ സ്ഥിതിഗതികൾ മാറിയോ എന്ന് അതിന് ശേഷമാകും പറയാനാവുക. അതേസമയം കാസർഗോഡ് ജനറൽ ആശുപത്രി പൂർണമായും കൊവിഡ് 19 ആശുപത്രിയാക്കി മാറ്റി. രോഗം സ്ഥിരീകരിച്ച സ്ത്രി ഉൾപ്പെടെ 33 പേർ ഇവിടെ നിരീക്ഷണത്തിലാണ്. മറ്റുള്ളവർ പരിയാരത്തും കോഴിക്കോടുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
kasargod, coroonavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here