അഭിഭാഷകന് പൊലീസിന്റെ വക ഭീഷണിയും അസഭ്യ വർഷവും; കുറിപ്പ്

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരത്തുകളിൽ പൊലീസ് പരിശോധന വ്യാപകമാണ്. എന്നാൽ പുറത്തിറങ്ങുന്നവരോടുള്ള പൊലീസുകാരുടെ പെരുമാറ്റം അതിരുകടക്കുന്നില്ലേ എന്നുള്ള സംശയം കൂട്ടുന്നതാണ് അഭിഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പുറത്ത് ബഹളം കേട്ട് ഇറങ്ങി നോക്കിയ അഭിഭാഷകനെ പൊലീസ് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. വടക്കാഞ്ചേരിയിലെ പൊലീസുകാർക്കെതിരെയാണ് ആരോപണം. പുറത്തിറങ്ങിയ സമയത്ത് ഫോൺ പിടിച്ചു നിന്ന അഭിഭാഷകൻ വിഡിയോ എടുക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസുകാരൻ ഭീഷണിയുടെ സ്വരം പുറത്തേക്കെടുത്തത്. ശേഷം വിഡിയോ എടുത്താൽ കുഴപ്പമെന്താണ് എന്ന് ചോദിച്ചപ്പോൾ അസഭ്യവർഷമാണ് ഉത്തരമായി ലഭിച്ചത്. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കും എന്നായിരുന്നു ഭീഷണി.

Read Also: പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി നടപടി എടുക്കും: പൊലീസ് മേധാവി

കുറിപ്പ് വായിക്കാം

‘രാജ്യദ്രോഹത്തിന്’ അറസ്റ്റ് ചെയ്യും ‘………………..’ എന്ന കൊറോണ സന്ദേശവുമായാണ് ഇപ്പോൾ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പൊലീസ് സംഘം വീട്ടിനുള്ളിൽ ഇരുന്ന എന്നെ പുറത്തുവന്ന് ആശംസിച്ചത്. ഇന്ന് ഏതാണ്ട് 11.35 മണിയ്ക്ക് വീടിനു പുറത്തു വലിയ ബഹളം കേട്ടാണ് ഞാൻ വീടിനകത്തു നിന്ന് പുറത്ത് നോക്കിയത്. ഒരു സ്‌കൂട്ടറിൽ വന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് ചാടിയിറങ്ങി തടഞ്ഞു നിർത്തി ആക്രോശങ്ങളോടെ ലാത്തികൊണ്ട് അടിക്കുന്നതാണ് കണ്ടത്. ഇറങ്ങി വരുന്ന സമയത്ത് ഞാൻ ഒരു ഫോൺ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ഫോൺ കട്ട് ചെയ്യുകയും പിന്നെ വിളിക്കാം എന്ന് ഫോണിൽ പറയുകയും ചെയ്യുന്ന നേരത്ത് ‘ പോടാ, വിഡിയോ എടുക്കല്ലെടാ,കേറിപ്പോടാ’ എന്നൊക്കെ അലറിയാണ് ഒരു സിവിൽ പൊലീസ് ഓഫീസർ തുടർച്ചയായി വീട്ടിലേക്ക് കയറും എന്ന മട്ടിൽ ഭീഷണിപ്പെടുത്തിയത്. വിഡിയോ എടുത്താൽത്തന്നെ എന്താണ് കുഴപ്പം എന്ന് ഞാൻ തിരിച്ചു ചോദിച്ചതോടെ ……………, നിന്നെ എടുത്തോളാം, രാജ്യദ്രോഹക്കുറ്റത്തിന് പൊക്കും തുടങ്ങിയ അസഭ്യവാക്കുകളും ഭീഷണിയും ചേർത്താണ് പൊലീസ് നേരിട്ടത്. അതെ സമയം പൊലീസ് വണ്ടിയുടെ ഡ്രൈവർ എന്റെ ചിത്രം എടുക്കുകയും ചെയ്തു. തിരിച്ചു വരുമ്പോൾ കാണാം എന്ന് വീട്ടുപേര് ഉറക്കെപ്പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവുമെടുത്ത് അറസ്റ്റ് ചെയ്യും എന്ന ഭീഷണിയുമായാണ് ഇപ്പോൾ പോയത്.

രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് പിടിയിലായി കയറിപ്പോകാൻ തയാറാണ് എന്ന് സവിനയം അറിയിക്കുന്നു. പ്രായമായ എന്റെ മാതാപിതാക്കളും എന്റെ മകനും നിൽക്കവെയാണ് റോഡിൽ നിന്നും ………………… തുടങ്ങിയ ജനമൈത്രി പൊലീസ് സുഭാഷിതമുണ്ടായത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. പൊലീസ് ഏമാന്മാരെയും കാത്തുകൊണ്ട് രാജ്യദ്രോഹി വീട്ടിലുണ്ട്. സ്വാഗതം.

ഒരു പൗരന്റെ വീട്ടുപടിക്കൽ വന്ന് ഈ ഘട്ടത്തിൽ ഇത്തരത്തിൽ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്യുന്നത് എന്ത് തരത്തിലുള്ള സന്ദേശമാണ് നൽകുന്നത്? വീട്ടിനകത്തുള്ള മനുഷ്യരെ തെറി പറയുന്നതും രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കും ………………. എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിനോടാണ് ജീവൻ രക്ഷ മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ വിളിച്ചു ചോദിക്കേണ്ടത് പോലും.

രാജ്യദ്രോഹത്തിന്റെ ഭാഷ എത്ര വേഗമാണ് രാജ്യം മുഴുവൻ പരക്കുന്നത് എന്നുകൂടി ഓർമിപ്പിക്കുന്നു.

 

lawyer threatened by police. lock down

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top