തെരുവിൽ താമസിക്കുന്നവർക്കായി കൊച്ചിയിൽ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചു

നിരത്തുകളിൽ താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി കൊച്ചിയിൽ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചു. നരസഭയുടെ നേതൃത്വത്തിലാണ് ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുക. ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവിടെ അഭയം ലഭിക്കും.

കൊവിഡ് 19 പശ്ചാത്തലത്തിൽ നിരത്തുകളിൽ കിടക്കുന്നവർ സമൂഹത്തിനു ചെറുതല്ലാത്ത ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. ഇത്തരത്തിൽ മൂന്ന് ഷെൽട്ടർ ഹോമുകളാണ് നഗരസഭാ പരിധിയിൽ തുറന്നിരിക്കുന്നത്. റോഡുകളിൽ കഴിയുന്നവരെ പൊലീസ് സഹായത്തോടെ ഷെൽട്ടർ ഹോമുകളിലേക്ക് എത്തിച്ചു. ഷെൽട്ടർ ഹോമുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും, മരുന്നും ഉൾപ്പടെ എല്ലാ സംവിധാനങ്ങളും നഗരസഭാ ഒരുക്കിയിട്ടുണ്ട്. ആർവി സ്കൂൾ, ഗവൺമന്റ്‌ ഗേൾസ് സ്കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് ഷെൽട്ടർ ഹോമുകൾ ആരംഭിച്ചിരിക്കുന്നത്.

അതേ സമയം, അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് 4603 ക്യാമ്പുകൾ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് 19 വൈറസ് ബാധയുടെ ഗൗരവം അറിയിക്കാൻ ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളിൽ ബ്രോഷറുകളും ലീഫ്‌ലറ്റുകളും ലഘുവീഡിയോകളും അവർക്ക് നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Shelter Homes started in Kochi for those living on the street

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top