Advertisement

മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ് ബാങ്ക് നടപടി സ്വാഗതാർഹം: തോമസ് ഐസക്

March 27, 2020
Google News 1 minute Read

വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ് ബാങ്കിന്റെ തീരുമാനം സ്വഗതാർഹമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളം ഒരു വർഷത്തെ മൊറട്ടോറിയമാണ് ആവശ്യപ്പെട്ടത്. റിസർവ് ബാങ്കിന് മൂന്ന് മാസം എന്നത് ഇനിയും നീട്ടേണ്ടി വരും എന്ന് തോമസ് ഐസക് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം ധനകാര്യ മന്ത്രി വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം,

സർക്കാരിന് രണ്ട് രീതികളിലാണ് സാമ്പത്തിക മേഖലയിൽ ഇടപെടാൻ കഴിയുക. ഒന്ന്, സർക്കാരിന്റെ വരവ്-ചെലവുകളിൽ വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് ധനനയം (Fiscal Policy) എന്നു വിളിക്കുന്നത്. രണ്ടാമത്തെ രീതി പണലഭ്യതയിലും പലിശനിരക്കിലും മറ്റും വരുത്തുന്ന മാറ്റങ്ങളാണ്. ഇതിനെയാണ് പണനയം (Monetary Policy) എന്നു വിളിക്കുന്നത്. ആദ്യത്തേത് ധനവകുപ്പിന്റെ ആയുധമാണ്. രണ്ടാമത്തേത് റിസർവ് ബാങ്കിന്റെയും. കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടും റിസർവ് ബാങ്കുകൾ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടും ഇന്ത്യയിലെ റിസർവ് ബാങ്ക് അനുവർത്തിച്ച അനങ്ങാപ്പാറ നയം വിമർശനവിധേയമായിരുന്നു. ഇപ്പോൾ അവസാനം ഇന്ത്യൻ റിസർവ് ബാങ്കും കളത്തിൽ ഇറങ്ങിയിരിക്കുകയാണ്.

ഇന്ന് പ്രഖ്യാപിക്കപ്പെട്ട നടപടികളിൽ ഏറ്റവും സ്വാഗതാർഹമായ കാര്യം എല്ലാ വായ്പകളുടെയും തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതാണ്. കേരളം ഒരു വർഷം മൊറട്ടോറിയമാണ് ആവശ്യപ്പെട്ടത്. സംശയം വേണ്ട. റിസർവ് ബാങ്കിന് മൂന്ന് മാസം എന്നത് ഇനിയും നീട്ടേണ്ടി വരും. പ്രവർത്തന മൂലധനത്തിനും മറ്റുമുള്ള ആവശ്യങ്ങൾ ഉദാരമായി പരിഗണിക്കാനും റിസർവ് ബാങ്ക് നിർേദശിച്ചിട്ടുണ്ട്. പക്ഷെ, മൊറട്ടോറിയത്തിന് മുൻപ് തുടങ്ങിയ ജപ്തി നടപടികൾ നിർത്തിവയ്ക്കുമോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ജപ്തിക്ക് കേരള ഹൈക്കോടതി നൽകിയ സ്റ്റേ കേന്ദ്രസർക്കാർ ഇടപെട്ട് നിർത്തി വയ്പ്പിച്ചിരിക്കുകയാണ്. ഈ നിലപാട് തിരുത്തിയേ തീരൂ.

ഇത്തരത്തിൽ എടുത്ത വായ്പകൾക്കുള്ള തിരിച്ചടവ് എല്ലാവരും നിർത്തിയാൽ ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകും. അത് ഒഴിവാക്കാൻ അവർക്ക് കൂടുതൽ പണം ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് റിസർവ് ബാങ്ക് ക്യാഷ് റിസർവ് റേഷ്വോ നാല് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചിരിക്കുകയാണ്. എന്നുവച്ചാൽ നേരത്തെ ബാങ്കുകളുടെ മൊത്തം ബാധ്യതകളുടെ നാല് ശതമാനം കാശായി കരുതണം എന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മൂന്ന് ശതമാനമായി കുറയ്ക്കുമ്പോൾ 2.8 ലക്ഷം കോടി രൂപ ബാങ്കുകൾക്കും മറ്റും വായ്പ നൽകാൻ കൂടുതൽ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും സമ്പദ്ഘടനയിലെ ലിക്യുഡിറ്റി വർധിപ്പിക്കാൻ ക്യാഷ് റിസർവ് റേഷ്വോ കുറയ്ക്കുക, വിപുലമായ തോതിൽ സർക്കാരുകളുടെയും വലിയ കോർപറേറ്റുകളുടെയും ബോണ്ടുകൾ വാങ്ങുക തുടങ്ങിയവ സ്വീകരിക്കുന്നുണ്ടെന്നതും പറയട്ടെ. ബാങ്കുകൾ സ്വയംസഹായ സംഘങ്ങളും മറ്റും വഴി കൂടുതൽ ഉദാരമായി ഉപഭോക്തൃ വായ്പകൾ അടച്ചുപൂട്ടലിന്റെ ഈ കാലത്ത് ലഭ്യമാക്കണമെന്ന് നിർേദശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായിട്ടില്ല.

റിസർവ് ബാങ്കിന്റെ മൂന്നാമത്തെ നടപടി റിപ്പോ പലിശ നിരക്ക് 5.15 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി കുറച്ചതാണ്. ഇത് എല്ലാവരും പ്രതീക്ഷിച്ചിരുന്ന കാര്യമാണ്. പക്ഷെ, ഇതുകൊണ്ട് ഉടനെ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. സമ്പദ്ഘടന അടച്ചുപൂട്ടി കിടക്കുകയാണല്ലോ. പക്ഷെ ഇതിനും ഒരു സെന്റിമെന്റൽ വാല്യു ഉണ്ട്. മോണിറ്ററി പോളിസിയുടെ പരിമിതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അമേരിക്ക പലിശ നിരക്ക് ഏതാണ്ട് പൂജ്യമാക്കിയിരിക്കുകയാണ്. പക്ഷെ, അതുകൊണ്ട് അമേരിക്കൻ സമ്പദ്ഘടനയുടെ തകർച്ച തടയാൻ കഴിഞ്ഞിട്ടില്ലല്ലോ.

അതുകൊണ്ട് ഇനി എന്താണ് ചെയ്യാൻ കഴിയുക? നമ്മുടെ ശ്രദ്ധ ഫിസ്‌ക്കൽ പോളിസിയിലേയ്ക്കാണ് തിരിയേണ്ടത്. പന്ത് നിർമലാ സീതാരാമന്റെ കോർട്ടിലാണ്. ഇന്നലെ പ്രഖ്യാപിച്ചത് തികച്ചും അപര്യാപ്തമാണെന്ന് എഴുതിയതിന്റെ പേരിൽ എന്റെ പോസ്റ്റിൽ വന്ന അസംബന്ധങ്ങൾ പറഞ്ഞ വെട്ടുകിളികൾ ഇന്നത്തെ ബിസിനസ് പത്രങ്ങളുടെ എഡിറ്റോറിയൽ അടക്കമുള്ളത് ഒന്നു വായിക്കുന്നത് നല്ലതാണ്. ഇന്ത്യ സർക്കാർ നിയോലിബറൽ മുൻവിധികൾ തത്കാലം മാറ്റിവച്ച് കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെട്ടേ തീരൂ.

 

thomas issac, rbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here