ഇവർക്ക് വേണ്ടി പാത്രമോ കൈയോ കൊട്ടാൻ പോലും ആരുമില്ലേ?; അതിഥി തൊഴിലാളികളുടെ പലായനത്തെക്കുറിച്ച് കെ ആർ മീര

കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തൊഴിലിനായി നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും പോയവരെല്ലാം തിരിച്ചുപോകുകയാണ്. എന്നാൽ സമ്പൂർണ നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതിർത്തികൾ താണ്ടി സ്വന്തം നാട്ടിലേക്ക് എത്താൻ ബുദ്ധിമുട്ടുകയാണ് അവർ. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന അതിഥി തൊഴിലാളികളുടെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി സമൂഹ മാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് എഴുത്തുകാരിയായ കെ ആർ മീര. ഈ തൊഴിലാളികളെ സഹായിക്കാൻ ആരുമില്ലേ എന്നാണ് മീര ഉയർത്തുന്ന ചോദ്യം.

Read Also: ഉത്തരേന്ത്യയിൽ പലായനം ചെയ്യുന്നവർക്ക് ബസ് സർവീസ് ഒരുക്കി ഉത്തർപ്രദേശ് സർക്കാർ

കുറിപ്പ്,

അവർ പണിതുയർത്തിയ അംബരചുംബികൾക്കു മുമ്പിലൂടെ,

അവരുടെ വിയർപ്പു വീണുരുകിയ ടാറിട്ട റോഡുകളിലൂടെ,

ഉറങ്ങിപ്പോയ കുഞ്ഞുങ്ങളെയും തലയിലേറ്റി അവർ നടന്നു തുടങ്ങിയിരിക്കുന്നു.

അവർക്കു ഭക്ഷണവും വെള്ളവും കൊടുക്കാൻ,

വേണ്ട, തിരിച്ചു പോകാൻ യാത്രാസൗകര്യമെങ്കിലും ഏർപ്പെടുത്താൻ,

അവർ പുറപ്പെട്ടിടത്തോ ചെന്നു ചേരേണ്ടിടത്തോ ഗവൺമെൻറുകളില്ലേ?

അവരെ സഹായിക്കാൻ സാധിക്കുന്ന ഒരാളും ഐഎഎസിലോ ഐപിഎസിലോ ഇല്ലേ?

വേണ്ട, അവർ പണിതതും തൂത്തു തുടച്ചതുമായ ബാൽക്കണികളിൽ ഇറങ്ങി നിന്ന് അവർക്ക് വേണ്ടി പാത്രമോ കയ്യോ കൊട്ടാൻ പോലും ആരുമില്ലേ?

സത്യത്തിൽ ഭാരതം ആരുടെ രാജ്യമാണ്?

 

k r meera, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top