ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവ് നായ്ക്കൾ പട്ടിണിയിൽ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടലുകൾ എല്ലാം പൂട്ടിയതോടെ പട്ടിണിയിലായിരിക്കുകയാണ് ഒരുകൂട്ടം മിണ്ടാപ്രാണികൾ. ഭക്ഷണശാലകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും നിരത്തുകളിൽ ആളൊഴിഞ്ഞതോടെ ഹോട്ടലുകൾ പലതും പൂട്ടിയിരിക്കുകയാണ്. പട്ടിണി കിടക്കുന്നത് ഒഴിവാക്കാൻ കമ്മ്യൂണിറ്റി കിച്ചനുൾപ്പെടെ പദ്ധതികൾ നമ്മൾ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ എല്ലാവരും മറന്ന ഒരു കൂട്ടരുണ്ട് നമ്മുടെ കൺമുന്നിൽ. നഗരങ്ങളിലെ ഹോട്ടലുകളിൽ നിന്നുളള ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് വിശപ്പടക്കിയിരുന്ന തെരുവ് നായകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർക്ക് ഭക്ഷണമെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളോട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി പോകാറുളള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും മുന്നിൽ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ. ഒരു നേരത്തെയെങ്കിലും ആഹാരം സുഭിക്ഷമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മിണ്ടാപ്രാണികൾ. നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ ചോദ്യചിഹ്നം മാത്രമാണ് ഈ മിണ്ടാപ്രാണികൾക്ക് മുന്നിൽ ഇനി ശേഷിക്കുന്നത്. ഇവരുടെ കാര്യത്തിലും നമുക്ക് കരുതലുണ്ടായാലേ മതിയാവൂ. സ്വയം കരുത്താർജിക്കുന്നതിനൊപ്പം ഈ സഹജീവികൾക്കും നമ്മൾ കരുത്ത് പകരണം.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം ഇല്ലാതായ തെരുവുനായ്ക്കൾക്കും കുരങ്ങന്മാർക്കും ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടകളും മറ്റും അടച്ചതോടെ തെരുവുനായ്ക്കൾ ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. അവ അക്രമാസക്തമാവാൻ ഇടയുണ്ട്. ഇത് ശ്രദ്ധിക്കണം. തെരുവു നായകൾക്കുള്ള ഭക്ഷണം നൽകാനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ശാസ്താംകോട്ട, മലപ്പുറം മുന്നിയൂർ, തലക്കളത്തൂർ, പള്ളിക്കാട് തുടങ്ങിയ കാവുകളിൽ ഭക്തജനങ്ങൾ എത്തുന്നില്ല. ഭക്തജനങ്ങൾ നൽകുന്ന ഭക്ഷണമാണ് കുരങ്ങന്മാർ കഴിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഭക്ഷണമില്ല. അതിൻ്റെ ഭാഗമായി അവ അക്രമാസക്തമാകുന്നു. ക്ഷേത്ര അധികാരികൾ കുരങ്ങന് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.
lock down, no food for street dogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here