കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലത്ത് ജാഗ്രത ശക്തമാക്കി

സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയാണ് കൊല്ലം. കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച 47 കാരനായ പ്രാക്കുളം സ്വദേശിയുടെ സഞ്ചാരപഥം ഇന്നലെ തന്നെ ജില്ലാഭരണകൂടം പുറത്തിറക്കി. അതേ സമയം ജില്ലയിൽ ഗൃഹ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17,000 കടന്നു. ദുബായിൽ നിന്നെത്തിയ പ്രാക്കുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് പുറത്തിറക്കി. രോഗി നിരീക്ഷണ കാലയളവിൽ അനാവശ്യ യാത്രകൾ നടത്തിയിട്ടില്ലെങ്കിലും, എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരാൻ കെ.എസ്ആർടിസി ഉപയോഗിച്ചതും മൂന്ന് ആശുപത്രികളിൽ സന്ദർശനം നടത്തിയതും ജില്ലാ ഭരണകൂടത്തിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Read Also: കൊവിഡ് വ്യാപിക്കുന്നു; ഇന്ന് മുതൽ സർക്കാർ ഓഫിസുകളിൽ ചുരുക്കം ജീവനക്കാർ മാത്രം
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിതനെയും കുടുംബത്തെയും ഇന്നലെ തന്നെ പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി. ഇദ്ദേഹം സന്ദർശിച്ച തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. മറ്റ് രണ്ട് ആശുപത്രികളിൽ സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാനും ആശുപത്രി താത്കാലികമായി അടക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ആകെ 17008 പേർ ഗൃഹനിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ ദുബായിൽ നിന്നുള്ള 1475 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 4405 പേരും ഉൾപ്പെടുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിൽ 18 പേർ നിരീക്ഷണത്തിലുണ്ട്. അതേ സമയം ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ മാത്രം ജില്ലയിൽ 411 കേസുകൾ രജിസ്റ്റർ ചെയതു. റൂറൽ ജില്ലയിൽ 228 ഉം നഗര പരിധിയിൽ 183 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 346 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
precaution in kollam strengthens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here