ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗമുക്തി

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കൊവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടർ പിബി നൂഹ്. മൂന്ന് പേരുടേയും പരിശോധനാഫലം നെഗറ്റീവാണെന്ന് കളക്ടർ പറഞ്ഞു. ഇവരുടെ അടുത്ത രണ്ട് ബന്ധുക്കളുടെ പരിശോധനാ ഫലവും നെഗറ്റീവായതായി കലക്ടർ പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് റാന്നി സ്വദേശികൾക്കാണ്.
അതേസമയം, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചു.
കേരളത്തിൽ കൊവിഡ് ബാധയെ തുടർന്ന് മരിച്ചയാൾക്ക് വിവിധ അസുഖങ്ങൾ ഉള്ളതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ സമൂഹം കരുതലെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here