വിഡിയോ കാേളിൽ ‘ക്ലാസ്‌മേറ്റ്‌സ്’; ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത്

ലോക്ക് ഡൗണിലിരിക്കെ വിഡിയോ കോളിലൂടെ സൗഹൃദം പുതുക്കി ‘ക്ലാസ്‌മേറ്റ്‌സ്’ നായകന്മാർ. ജോർദാനിൽ നിന്നാണ് സുകു വിഡിയോ കോളിനെത്തിയത്. കൊച്ചിയിൽ നിന്ന് പയസും സതീശൻ കഞ്ഞിക്കുഴിയും എത്തിയപ്പോൾ മുരളി വന്നത് ചെന്നൈയിൽ നിന്നാണ്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ കോളിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ‘സെൽഫ് ഐസൊലേഷൻ ദിനങ്ങൾ, ക്ലാസ്‌മേറ്റ്്‌സ് വിഡിയോ കോൺഫ്രൻസ് കോളിൽ.’ ചിത്രം പങ്കുവച്ച്‌കൊണ്ട് ഇന്ദ്രജിത്ത് കുറിച്ചു. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ എഴുതുന്നത്. പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിന് താഴെ നടൻ ടൊവിനോ തോമസും കമന്റ് ചെയ്തിരുന്നു.
2007ലെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ലാൽജോസ് സംവിധാനം ചെയ്ത കാമ്പസ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പൃഥ്വിരാജ്, കാവ്യാ മാധവൻ, നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയവരായിരുന്നു. ചിത്രത്തിലെ പാട്ടുകളും അന്ന് തരംഗമായിരുന്നു. പിന്നീട് തമിഴിലും ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു.
അതേസമയം, ജോർദാനിൽ പൃഥ്വിരാജും സംഘവും കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കുടുങ്ങിയിരിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ തങ്ങേണ്ടി വന്ന പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും സംഘവും ജോർദാനിലെ ലോക്ക് ഡൗൺ കാരണം പ്രതിസന്ധിയിൽ ആവുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here