Advertisement

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ജൊഗീന്ദർ ശർമ്മ; ലോകകപ്പ് ഹീറോയെ അഭിനന്ദിച്ച് ഐസിസി

March 29, 2020
Google News 3 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ക്‌ഡൗണിലാണ്. ഈ മാസം 24 ചൊവ്വാഴ്ച മുതൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ പുരോഗമിക്കുകയാണ്. ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം ഉണ്ടായിട്ടും പലയിടത്തും ആളുകൾ അതൊക്കെ ലംഘിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർ അതൊക്കെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുമുണ്ട്. ഇതിനിടെയാണ് പഴയ ഒരു പുലിയെ അഭിനന്ദിച്ച് ഐസിസി രംഗത്തെത്തിയത്.

ആൾ ഇപ്പോൾ പൊലീസ് ഉദ്യോഗസ്ഥനാണ്. കൃത്യമായി പറഞ്ഞാൽ ഹരിയാന പൊലീസിലെ ഡിഎസ്പിയാണ് കക്ഷി. പ്രഥമ ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കാൻ കാരണക്കാരായവരിൽ സുപ്രധാനി. സാക്ഷാൽ ജൊഗീന്ദർ ശർമ്മ. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാായ ജൊഗീന്ദറിനെ അഭിനന്ദിച്ചാണ് ഐസിസിയുടെ പോസ്റ്റ്.

‘കൊവിഡ് 19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ 21 ദിവസ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ജോലിയിലാണ് താരം. 2007-ല്‍ ട്വന്റി 20 ലോകകപ്പ് ഹീറോ, 2020-ല്‍ യഥാര്‍ഥ ഹീറോ’- ജൊഗീന്ദറിന്റെ ചിത്രം പങ്കുവെച്ച് ഐസിസി കുറിച്ചു.

2007 ടി-20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ 13 റൺസാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒരു വൈഡും സിക്സറും അടക്കം ആദ്യത്തെ രണ്ട് പന്തുകളിൽ ഏഴ് റൺസ് വഴങ്ങിയ താരം മൂന്നാമത്തെ പന്തിൽ മിസ്ബയെ ശ്രീശാന്തിൻ്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് അഞ്ച് റൺസിൻ്റെ ആവേശ ജയം സമ്മാനിക്കുകയായിരുന്നു.

അതിനു ശേഷം ജൊഗീന്ദറിനെപ്പറ്റി അധികം കേട്ടിട്ടില്ല. 2004-ല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കായി അരങ്ങേറിയ ജൊഗീന്ദര്‍, നാല് ഏകദിനങ്ങളും നാല് ട്വന്റി 20 മത്സരങ്ങളും മാത്രമാണ് കളിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ഹരിയാനയുടെ നായക സ്ഥാനവും വഹിച്ചിട്ടുണ്ട്.

Story Highlights: ICC salutes ‘real world hero’ Joginder Sharma who is on cop duty during coronavirus lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here