ലോക്ക് ഡൗണ്‍ : ബുദ്ധിമുട്ടുകള്‍ക്ക് മാന്‍ കിബാതിലൂടെ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മാന്‍ കിബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് 19 നേരിടാന്‍ എടുത്ത കഠിനമായ നടപടികളില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ കഠിനമായ നടപടികള്‍ നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി, പ്രത്യേകിച്ച് ദരിദ്രരുടെ. നിങ്ങളില്‍ ചിലര്‍ എന്നോട് ദേഷ്യപ്പെടുമെന്ന് എനിക്കറിയാം. എന്നാലും നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. കൊവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കാന്‍ ഈ കടുത്ത നടപടികള്‍ ആവശ്യമാണ്. മനപൂര്‍വ്വം ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ മനസിലാക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുന്ന ചില ആളുകളുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ഞാന്‍ പറയും, അവര്‍ ഈ ലോക്ക് ഡൗണ്‍ പിന്തുടരുന്നില്ലെങ്കില്‍, കൊറോണ വൈറസിന്റെ അപകടത്തില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ പ്രയാസമാണ് ‘ പ്രധാനമന്ത്രി പറഞ്ഞു.

‘ കൊറോണ വൈറസുമായി പോരാടുന്ന നിരവധി സൈനികരുണ്ട്. നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ നിലകളില്‍ ഡ്യൂട്ടിയിലുള്ള ഞങ്ങളുടെ സഹോദരങ്ങള്‍,. ഇവരാണ് രാജ്യത്ത് കൊറോണ വൈറസിനെതിരായി പോരാടുന്ന സൈനികര്‍. അവരുടെ വീടുകളില്‍ നിന്നല്ല, വീടുകള്‍ക്ക് പുറത്തുനിന്നാണ് അവര്‍ രാജ്യത്തിന് വേണ്ടി പോരാടുന്നത്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം നേരത്തെ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഒരു ദിവസത്തെ ‘ജനത കര്‍ഫ്യൂ’ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

 

 

Story Highlights- Lockdown, coronavirus,  Prime Minister apologizes for the difficulties

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top