കൊവിഡ് 19: ടോം ഹാങ്ക്സിനും റീറ്റ വിൽസണും അസുഖം ഭേദമായി; വീട്ടിലെത്തിയെന്ന് കുറിപ്പ്

ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും കൊവിഡ് 19 അസുഖം ഭേദമായി. താൻ വീട്ടിലാണെന്നും തന്നെയും ഭാര്യയെയും പരിചരിച്ച ഓസ്ട്രേലിയക്കാർക്ക് നന്ദി അറിയിക്കുന്നു എന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം കുറിച്ചു. മറ്റെല്ലാ അമേരിക്കക്കാരെയും പോലെ തങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം കുറിച്ചു.
“ഹേയ് കൂട്ടരേ, ഞങ്ങൾ ഇപ്പോൾ വീട്ടിലാണ്. മറ്റ് അമേരിക്കക്കാരെപ്പോലെ ഞങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞ് സാമൂഹ്യ അകലം പാലിക്കുകയാണ്. ഓസ്ട്രേലിയയിൽ വച്ച് ഞങ്ങളെ പരിചരിച്ച എല്ലാവർക്കും ഒരുപാട് നന്ദി. അവരുടെ കരുതലും മാർഗനിർദ്ദേശവുമാണ് ഞങ്ങളെ അമേരിക്കയിൽ തിരികെ എത്തിച്ചത്. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി”- ഹാങ്ക്സ് കുറിച്ചു.
മാർച്ച് 12നാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഏറ്റവും മികച്ച ഹോളിവുഡ് നടന്മാരിൽ ഒരാളാണ് 63കാരനായ ടോം ഹാങ്ക്സ്. രണ്ട് ഓസ്കർ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
അമേരിക്കൻ ഗായകനായ ഈവസ് പ്രിസ്ലീയുടെ ബയോപിക്കിലാണ് ടോം ഹാങ്ക്സ് അഭിനയിച്ചു കൊണ്ടിരുന്നത്. റീറ്റയും ചിത്രത്തിൽ ടോം ഹാങ്ക്സിനൊപ്പം അഭിനയിക്കുന്നുണ്ടായിരുന്നു. ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു എന്നും ഇയാളെ മാറ്റി നിർത്തിയെന്നും വാർണർ ബ്രദേഴ്സ് നേരത്തെ അറിയിച്ചിരുന്നു.
Story Highlights: tom hanks and rita wilson recoverd from covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here