Advertisement

ലോകത്തിലെ ആദ്യ കൊവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയെന്ന് റിപ്പോർട്ട്

March 29, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ ഉത്ഭവ സ്ഥലമായ ചൈനയിലെ വുഹാനിൽ ചെമ്മീൻ കച്ചവടം നടത്തുന്ന സ്ത്രീയാണ് ലോകത്തിലെ ആദ്യ കൊറോണ രോഗിയെന്ന് റിപ്പോർട്ട്. വുഹാനിലെ ഹുവാനൻ മത്സ്യ മാർക്കറ്റിൽ ചെമ്മീൻ കച്ചവടം നടത്തുന്ന വൈ ഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടത്.

2019 ഡിസംബറിലാണ് വൈ ഗുയ്ഷിയാനിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി ഇവർ 2019 ഡിസംബർ 10ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സാധാരണ പനിയാണെന്ന് ആദ്യം കരുതിയ ഗുയ്ഷിയാൻ ചികിത്സക്കായി പോയത് ഒരു പ്രാദേശിക ക്ലിനിക്കിലാണ്. അവിടെ നിന്ന് കുത്തിവയ്പ് എടുത്തു വന്നെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ഇവർ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. അപ്പോഴും രോഗം ഭേദമായില്ല. ശേഷം, ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടി എത്തി. അവിടെ വെച്ചാണ് തൻ്റെ അസുഖം ഗുരുതരമാണെന്ന് വൈ അറിയുന്നത്. വുഹാൻ മാർക്കറ്റിലെ നിരവധി പേർ ഇതേ അസുഖത്തിന് ചികിത്സ തേടി എത്തിയിരുന്നു എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ അവസാനത്തോടെ ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

ഏറെ വൈകാതെ വുഹാനിലെ മാർക്കറ്റാണ് രോഗത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് മാർക്കറ്റ് അടച്ചു പൂട്ടി.

ജനുവരിയിലാണ് ഗുഷിയാൻ രോഗമുക്തി നേടിയത്. മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ തനിക്ക് വൈറസ് ബാധയുണ്ടായത് കരുതുന്നു എന്ന് ഇവർ പറഞ്ഞു. താനുമായി സമ്പർക്കം പുലർത്തിയവർക്കും ഇതേ അസുഖബാധ ഉണ്ടായതായും വൈ പറഞ്ഞു.

വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികാരികളുടെ സ്ഥിരീകരണം. എന്നാൽ രോഗം ബാധിച്ച ആദ്യത്തെ ആൾ ഇവരാണെന്ന് പറയാനാവില്ലെന്നും സൂചനയുണ്ട്.

Story Highlights: Wuhan shrimp seller identified as coronavirus ‘patient zero’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here