കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് കോലിയും അനുഷ്കയും

കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയും. വൈറസ് ബാധ തൻ്റെയും അനുഷകയുടെയും ഹൃദയം തകർക്കുകയാണെന്നും നാട്ടുകാരുടെ വേദന നീക്കാൻ തങ്ങളുടെ സംഭാവന സഹായിക്കുമെന്ന് കരുതുന്നു എന്നും തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിരാട് പറയുന്നു. അതേ സമയം, തുക എത്രയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
‘അനുഷ്കയും ഞാനും പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ആളുകൾ ദുരിതമനുഭവിക്കുന്നത് ഞങ്ങളുടെ ഹൃദയം തകർക്കുകയാണ്. ഞങ്ങളുടെ സംഭാവന ഏതെങ്കിലും തരത്തിൽ ആളുകളുടെ വേദന ഇല്ലാതാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു”- കോലി കുറിച്ചു.
Anushka and I are pledging our support towards PM-CARES Fund & the Chief Minister’s Relief Fund (Maharashtra). Our hearts are breaking looking at the suffering of so many & we hope our contribution, in some way, helps easing the pain of our fellow citizens #IndiaFightsCorona
— Virat Kohli (@imVkohli) March 30, 2020
നേരത്തെ, സച്ചിൻ തെണ്ടുൽക്കർ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നൽകിയിരുന്നു. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ ശമ്പളം നൽകി കായിക താരങ്ങളായ ബജ്‌റംഗ് പുനിയയും ഹിമാ ദാസും രംഗത്തെത്തിയിരുന്നു.
അതേ സമയം, രാജ്യത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പൂനെ സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. 1190 പേർക്കാണ് നിലവിൽ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Story Highlights: Virat Kohli, Anushka Sharma Pledge Support To COVID-19 Relief Funds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here