കൊവിഡ് 19 ബോധവത്കരണത്തിനായി വാട്‌സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആധികാരിക വിവരങ്ങൾ നൽകുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്‌സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി കെ കെ ശൈലജ വാട്‌സാപ്പിൽ പ്രവർത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട് പുറത്തിറക്കി. 9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങൾ അറിയേണ്ടവർ 9072220183 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്യുകയും തുടർന്ന് ആ നമ്പറിലേക്ക് വാട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.. അപ്പോൾ പ്രത്യക്ഷപ്പെടുന്ന മെനുവിൽ നിന്ന് ചാറ്റ് ബോട്ടിന്റെ നിർദേശാനുസരണം വിവരങ്ങളിലേക്കെത്താം.
കൊവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ , പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷ മുൻകരുതലുകൾ, നിർദേശങ്ങൾ, കൊറോണ ബാധിത രാജ്യം/സംസ്ഥാനത്ത് നിന്ന് വന്നവർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ, ആരോഗ്യപ്രവർത്തകർക്കുള്ള നിർദേശങ്ങൾ, സംസ്ഥാന/ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ ചാറ്റ് ബോട്ട് വഴി ജനങ്ങൾക്ക് ലഭ്യമാകും.
കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന മാധ്യമങ്ങളിൽ ഒന്നാണ് വാട്‌സാപ്പ്. ഈ സാഹചര്യത്തിൽ അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ വകുപ്പ് വാട്സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വാട്‌സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ സംവേദനാത്മക ചാറ്റ് ബോട്ട് ജനങ്ങളിലേക്കെത്തിച്ചിരിക്കുന്നത്. http://Qkopy.xyz/covidhelp എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ ചാറ്റ് ബോട്ടുമായി സംസാരിക്കാം.
coronavirus, health department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here