തിരുവനന്തപുരം വിമാനത്താവളത്തിലെ ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി ചെയ്ത ആരോഗ്യവിഭാഗം ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ തീരുമാനം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 36 പേർക്കാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഇവരെ ക്വാറന്റീനിൽ അയയ്ക്കാതെ തിരികെ ജോലിക്ക് നിയോഗിച്ചത് വിവാദമായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് 14ന് ശേഷം ജോലി ചെയ്ത എല്ലാ ആരോഗ്യ വിഭാഗം പ്രവർത്തകർക്കും കൊവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. ഇവരുടെ സ്രവം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസർ ഉത്തരവിറക്കി. സ്രവം ശേഖരിക്കുന്നതിനായി ജില്ലയിൽ അഞ്ച് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ എത്തി സ്രവം നൽകണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി.
Read Also : കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ.വിശ്വാസ് മേത്തയ്ക്ക്
വിദേശത്ത് നിന്ന് വന്ന യാത്രക്കാരെ പരിശോധിക്കുകയും രോഗികളേയും രോഗലക്ഷണമുള്ളവരേയും ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ചെയ്തത് വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യപ്രവർത്തകരായിരുന്നു. എന്നാൽ വിമാനത്താവളം അടച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെ 36 ആരോഗ്യപ്രവർത്തകരെ അവർ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് തിരികെ അയക്കുകയാണ് ചെയ്തത്. രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ള ഇവരെ ക്വാറന്റീനിൽ അയക്കണമെന്ന ആവശ്യം നിരാകരിച്ചായിരുന്നു ആരോഗ്യവകുപ്പിന്റെ നടപടി. ഇക്കാര്യം 24 റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്.
ഇതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. തിരുവനന്തപുരം ഒഴികെ മറ്റു വിമാനത്താവളങ്ങളിൽ ജോലി ചെയ്തവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here