ഭക്ഷണം നൽകിയതിന് പൊലീസുകാരനോട് നന്ദി പ്രകടനം നടത്തുന്ന തെരുവു നായ; വീഡിയോ വൈറൽ

കൊവിഡ് 19നുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിൽ കടകൾ അടച്ചതോടെ പട്ടിണിയിലാവുന്ന തെരുവുനായകൾക്കും കുരങ്ങന്മാർക്കും ഭക്ഷണം ഉറപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അത് ഏറെക്കുറെ പാലിക്കപ്പെടുന്നുമുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പലപ്പോഴും തെരുവ് നായകൾക്ക് ഭക്ഷണം നൽകുക. അത്തരത്തിലുള്ള ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ഭക്ഷണം നൽകിയതിന് പൊലീസുകാരനോട് നന്ദി പ്രകടനം നടത്തുന്ന തെരുവുനായയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
‘തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഉൾക്കൊണ്ട് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലെ പോലീസ് ഓഫീസർ വിനീത് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭക്ഷണം കഴിച്ചു വിശപ്പു മാറിയ തെരുവ് നായ നന്ദി പ്രകടിപ്പിക്കാൻ വിനീതിനെ സമീപിക്കുന്നതിന്റെ ദൃശ്യം ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ കിഷോർ തന്റെ ക്യാമറയിൽ പകർത്തിയപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കിഷോർ ഗുരുവായൂർ എന്ന ക്യാമറമാനാണ് ഈ ദൃശ്യം പകർത്തിയത്.
അതേ സമയം, സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ്. നേരത്തെ കൊച്ചി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേഠ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
Story Highlights: street dog and police officer video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here