അവസാന പാദത്തില്‍ വൈറസ് ബാധിതമായ സാമ്പത്തിക വര്‍ഷം: കൊറോണ കാലത്തെ സാമ്പത്തിക ചിന്തകള്‍

ഒരു സാമ്പത്തിക വര്‍ഷംകൂടി കടന്നുപോകുന്നു. അവസാന പാദത്തില്‍ വൈറസ് ബാധിതമായ വര്‍ഷമെന്നുകൂടി ചരിത്രം ഇതിനെ അടയാളപ്പെടുത്തും. ലോകമൊട്ടാകെ കൊറോണ വൈറസിനെ കണ്ടെത്താനുള്ള പരിശോധനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. എത്രയും വേഗം ഫലം അറിയുന്ന ദ്രുത പരിശോധനകള്‍ക്കുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം.

തിരിച്ചു ലോകമൊട്ടാകെ കൊറോണ വൈറസിന്റെ റാപിഡ് ടെസ്റ്റിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രശ്‌നോത്തരികളില്‍ പങ്കെടുക്കുന്നവര്‍ക്കും കാണുന്നവര്‍ക്കുമറിയാം റാപിഡ് ഫയര്‍ റൗണ്ടിന്റെ പ്രഹരശേഷി. ചിന്തിക്കാന്‍ പോലും സമയം തരാതെ മലവെള്ളപ്പാച്ചില്‍ പോലെ ചോദ്യപ്രവാഹം. അതുപോലൊരു ദ്രുത പരിശോധനയ്ക്കു ലോകത്തെ വിധേയമാക്കിയിരിക്കുന്നു കൊറോണ വൈറസ്.

ഭരണക്ഷമതയും ആരോഗ്യ മേഖലയുടെ മികവും ദുരന്തങ്ങളോട് പോരാടാനുള്ള ജനതയുടെ കൂട്ടായ്മയും അതിജീവിക്കാനുള്ള ശേഷിയും ജീവസന്ധാരണ മാര്‍ഗങ്ങള്‍ കുറേക്കാലത്തേക്കു തടസപ്പെട്ടാലും വലിച്ചു വിടുന്ന റബ്ബര്‍ ബാന്‍ഡ് പോലെ എത്ര വേഗം പൂര്‍വസ്ഥിതി പ്രാപിക്കുമെന്നുമൊക്കെയാണ് പരിശോധനാ മാനങ്ങള്‍. അതിജീവന ശേഷിയുള്ള ഓരോ രാജ്യങ്ങളും വിജയിക്കും. വൈറസ് പഠിപ്പിക്കുന്ന പാഠമുള്‍ക്കൊണ്ട് നാളെയുടെ സിലബസില്‍ തിരുത്തല്‍ വരുത്തും. ആരോഗ്യ രംഗത്ത് വൈറസ് വരുത്തുന്ന തിരിച്ചടികള്‍ ആദ്യമുണ്ടാകുന്ന പ്രഭാവത്തില്‍ പെടുന്നു. എന്നാല്‍ ആഗോള തലത്തില്‍ അതുണ്ടാക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ദീര്‍ഘകാല പ്രസക്തിയുള്ളവയാണ്. ആദ്യ പ്രഭാവത്തിന്റെ വടുക്കളേക്കാളുംകാലം അവ നിലനില്‍ക്കും.

കൊവിഡ് 19 എന്ന മഹാമാരിയുടെ കര്‍വ് ( ഗ്രാഫില്‍ രേഖപ്പെടുത്തിയാല്‍ ) കുത്തനെ മുകളിലേക്ക് പോവുകയാണ് . എന്നാല്‍ ഈയൊരു വളവ് ( കര്‍വ് ) നേരെയാകുമ്പോള്‍ സാമ്പത്തിക അസമത്വത്തിന്റെ വളവ് കൂടാനിടയുണ്ട്. അത് സാമൂഹിക അസമത്വത്തിലേക്കും നയിക്കാം. കൊറോണ പ്രഭാവത്തില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ വെല്ലുവിളികളുടെ ഒരു നീണ്ട നിര തന്നെ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ കൂരിരുട്ടിലെ വെള്ളിവെളിച്ചം പോലെ പ്രതീക്ഷയുടെ കിരണങ്ങളുമുണ്ട്. അവയിലേക്കൊരെത്തിനോട്ടമാവാം.

വൈറസ് ദാനം ചെയ്ത വെല്ലുവിളികള്‍

 

* വളര്‍ച്ചാ നിരക്കിലെ കുറവ്

രാജ്യാന്തര സമ്പദ് വ്യവസ്ഥകളെല്ലാം കുറഞ്ഞ വളര്‍ച്ചയിലേക്ക് പോകും. 600 കോടി ജനങ്ങള്‍ കഴിയുന്നത് ജി 20 രാജ്യങ്ങള്‍ക്കു പുറത്താണ്. ഇവരുടെ അവസ്ഥ പരിതാപകരമാണ് . ഈ രാജ്യങ്ങളില്‍ പലതും വളര്‍ച്ചക്കുറവിന്റെ പല അവസ്ഥാന്തരങ്ങളിലൂടെയും കടന്നു പോകേണ്ടിവരുമെന്നു വേള്‍ഡ് ബാങ്ക് പറയുന്നു. ഇത് 2.1 ശതമാനം മുതല്‍ നെഗറ്റീവ് -.5 ശതമാനം വരെ കുറഞ്ഞ വളര്‍ച്ചയിലേക്ക് എത്തിക്കുമെന്നാണ് പ്രവചനം .

* നിക്ഷേപക്കുറവ്

UNCTAD പറയുന്നത് പ്രകാരം ഉത്പാദനവും കയറ്റുമതിയും കൂടുതലുള്ള രാജ്യങ്ങളെല്ലാം രണ്ട് ലക്ഷം കോടി മുതല്‍ മൂന്ന് ലക്ഷം കോടി വരെ നിക്ഷേപക്കുറവ് നേരിടും

* മൂലധനതിരിച്ചൊഴുക്ക്

വിപണിയുടെ കുത്തൊഴുക്കില്‍ പെട്ട് പല വിപണികളില്‍ നിന്നും വന്‍തോതില്‍ മൂലധനം പിന്‍വലിക്കപ്പെടും. ഇന്ത്യന്‍ വിപണികളില്‍ ഒരു ലക്ഷം കോടിയുടെ മൂലധന തിരിച്ചൊഴുക്കുണ്ടാകുമെന്നാണ് പ്രവചനം .

* കറന്‍സികളുടെ മൂല്യത്തകര്‍ച്ച

ഡോളറിനെതിരെ രൂപയുള്‍പ്പെടെ പല കറന്‍സികളും തകര്‍ച്ച നേരിടുന്നു. രൂപയുടെ മൂല്യം ഡോളറൊന്നിനു 76 നു മുകളിലായി. ഡോളര്‍ നിരക്കില്‍ കടബാധ്യതയുള്ള കമ്പനികള്‍ക്കു കടുത്ത കാലമാണ് വരാനിരിക്കുന്നതെന്നു വിലയിരുത്തല്‍ . കയറ്റുമതി പ്രതിസന്ധിയിലായതോടെ മൂല്യത്തകര്‍ച്ചയുടെ ആനുകൂല്യം നേടാനുമാകുന്നില്ല .

* ധനക്കമ്മി വര്‍ധന

ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 5 ശതമാനമാകുമെന്നാണ് കണക്കുകൂട്ടല്‍ . 3.5 ശതമാനം കണക്ക് കൂട്ടിയിരുന്നതാണ് ഭീമമായ വര്‍ധനയിലേക്കു പോകുന്നത്. മുണ്ടുമുറുക്കിയുടുക്കലിന്റെയും ചെലവ് മാറ്റിവെക്കലിന്റെയുമൊക്കെ ഗുരുതരാവസ്ഥയിലേക്കാണ് ഉയരുന്ന ധനക്കമ്മി വിരല്‍ചൂണ്ടുന്നത്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം ധനക്കമ്മി ഇരട്ട അക്കം കടക്കുമെന്നാണ് കണക്കുകൂട്ടല്‍ .

* ഉത്പാദന തകര്‍ച്ച

ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങളല്ലാതെ ഒന്നിന്റെയും ഉത്പാദനം നടക്കുന്നില്ല. ലോക്ക് ഡൗണിന്റെ ട്രയല്‍ ആയിരുന്ന ജനത കര്‍ഫ്യൂ ദിനത്തില്‍ വന്‍ വരുമാന നഷ്ടമാണുണ്ടായത്. വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഉത്പാദനം നിര്‍ത്തി. ലക്ഷം കോടികളുടെ വരുമാന നഷ്ടം കണക്കാക്കപ്പെടുന്നു .

* ഉത്പാദന സേവന മേഖലകളിലെ തകര്‍ച്ചയുണ്ടാക്കുന്ന തൊഴില്‍ വേതന നഷ്ടം 

കൂട്ടപുരിച്ചുവിടലും വേതനം കുറക്കലും ജോലിയുള്ളപ്പോള്‍ മാത്രം ജീവനക്കാരെ എടുക്കലുമൊക്കെ കമ്പനികള്‍ നടപ്പാക്കിയേക്കാം. 50 ലക്ഷത്തിലേറെ തൊഴില്‍ നഷ്ടം .

* ചെറുകിട മേഖല

ഇടിവെട്ടിയവന്റെ തലയില്‍ പാമ്പുകടിയേറ്റതുപോലെയാകും നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും പരുക്കുകള്‍ മാറാത്ത ഈ മേഖല. കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്കുള്ള യാത്രയൊഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ സഹായങ്ങള്‍ വേണ്ടിവരും .

* അസംഘടിത മേഖലയിലെ കടം പെരുകും

ഇന്ത്യയില്‍ 75 ശതമാനം വരും അസംഘടിത മേഖല. ജനുവരി 31 ലെ കണക്കനുസരിച്ചു 11 ലക്ഷം കോടിയാണ് ഇവര്‍ക്കു ബാങ്കുകളിലുള്ള കടം .

* കിട്ടാക്കടം കെണിയാകും

ബാങ്കുകള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് കിട്ടാക്കടം. ഇത് വീണ്ടും പെരുകും. മൂന്ന് മാസ മോറട്ടോറിയം എസ്ബി ഐക്ക് ഇല്ലാതാക്കാന്‍ പോകുന്നത് 3 മാസത്തെ ഇഎംഐ ആയ 60000 കോടിയാണ്. എല്ലാ ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും 3 മാസ ഇഎംഐ മുടങ്ങുന്നത് വെല്ലുവിളി തന്നെയാണ്. എന്നാല്‍ മറ്റുമാര്‍ഗങ്ങളിലൂടെ മൂലധനമുറപ്പാക്കുമെന്നു കേന്ദ്രബാങ്ക് ഉറപ്പുനല്കുന്നുണ്ട് .

* ആവശ്യത്തിലുണ്ടാകുന്ന കുറവ്

വരുമാനനഷ്ടം പൊതു ഡിമാന്‍ഡ് കുറയ്ക്കാനാണ് സാധ്യത. നിലവിലെ സാമ്പത്തിക മാന്ദ്യത്തിനും പ്രധാനകാരണം ഡിമാന്‍ഡ് കുറവ് തന്നെയായിരുന്നു.

പ്രതീക്ഷയുടെ നാളങ്ങള്‍

 

* ചൈനയുടെ തിരിച്ചു വരവ്

കൊറോണ വൈറസിനെ വരുതിക്ക് നിര്‍ത്തിയ ചൈന ഉത്പാദനത്തില്‍ മികവ് പുലര്‍ത്തിയെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഫാക്ടറി ഔട്ട്പുട്ട് ഇന്‍ഡക്‌സ് കൂടി. വാങ്ങല്‍ ശേഷി സൂചിക 35.7 ആയിരുന്നത് മാര്‍ച്ചില്‍ 52 ആയി. ഇത് ഏഷ്യന്‍ വിപണികളിലുണ്ടാക്കിയത് വന്‍കുതിപ്പാണ്. കരകയറല്‍ എളുപ്പമാണെന്ന് ചൈനീസ് മാതൃക പറയുന്നു .

* വരുമാനനഷ്ടത്തിനു പാക്കേജുകള്‍

ലോകമാകെയുള്ള രാജ്യങ്ങള്‍ 5 ലക്ഷം കോടി ഡോളറിന്റെ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഈ പണം വിപണിയിലേക്കെത്തുന്നത് വൈറസ് മൂലമുണ്ടായ ധനനഷ്ടം പരിഹരിക്കും. തുകയുടെ ഗുണിതങ്ങളായി ഉത്പാദനത്തില്‍ വര്‍ധനയുണ്ടായേക്കാം .

* ഇന്ത്യയില്‍ 1.7 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതല്‍ ഇളവുകളുടെ പണിപ്പുരയിലാണ് ധനമന്ത്രലയം. 3 മാസം മോറട്ടോറിയം വായ്പയെടുത്തവര്‍ക് ആശ്വാസമാകും.

* വിപണികള്‍ തിരിച്ചുവരവ് നടത്തുമെന്ന് സൂചന

ഓഹരി വിപണികള്‍ തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്നാണ് സൂചന. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം കൂട്ടും .

* കൂട്ടായുള്ള ശ്രമങ്ങളിലേക്കു ലോകം

ആരോഗ്യ മേഖലയില്‍ പുതിയൊരു സഹകരണത്തിനും രോഗനിര്‍ണയ മരുന്നുല്പാദന മേഖലകളില്‍ സ്വയം പര്യാപ്തതയ്ക്കും വഴിവെക്കും.

ഇതൊക്കെയാണെങ്കിലും വിപണിയിലെത്തുന്ന പണം സാധാരണക്കാരിലേക്കെത്തിയില്ലെങ്കില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കും. പണത്തിന്റെ ശരിയായ വിതരണം സാധ്യമാകേണ്ടിയിരിക്കുന്നു. കൊറോണ വൈറസിന്റെ റാപിഡ് റെസ്റ്റിനെ അതിജീവിക്കാന്‍ നാം കച്ചമുറുക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരും ജനങ്ങളും രാഷ്ട്രീയ മത ജാതി ഭിന്നതയില്ലാതെ ഒറ്റക്കെട്ടായി നിലകൊണ്ടാല്‍ വൈറസ് തോല്ക്കും മനുഷ്യന്‍ ജയിക്കും .

Story Highlights: coronavirus, Covid 19,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More