കൊവിഡ് സ്ഥിരീകരിച്ച രോഗിയെ നിരീക്ഷണത്തിലിരിക്കെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി; കൊല്ലം ഹെൽത്ത് ഇൻസ്‌പെക്ടറുടേത് ഗുരുതര വീഴ്ചയെന്ന് ആരോപണം

കൊല്ലം ഇട്ടിവയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച രോഗിയുടെ കാര്യത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടേത് ഗുരുതര വീഴ്ചയെന്ന് ആരോപണം. നിരീക്ഷണത്തിലിരിക്കെ ചുണ്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സക്കായി വിളിച്ചു വരുത്തി. ഇവിടെയുള്ള ജീവനക്കാരോട് പോലും നിരീക്ഷണത്തിലുള്ളയാളാണെന്ന കാര്യം അറിയിച്ചില്ലെന്നും പരാതി.
മാർച്ച് 20ന് ഖത്തറിൽ നിന്ന് നാട്ടിലെത്തിയ 27കാരിയായ ഗർഭിണിക്കാണ് ഇന്നലെ ഇട്ടിവയിൽ രോഗം സ്ഥിരീകരിച്ചത്. നാട്ടിലെത്തിയ ദിവസം തന്നെ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇവർ റൂട്ട് മാപ്പ് പ്രകാരം ചുണ്ട പ്രാഥമികാരോഗ്യകേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇവരെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പരാതി. ഗർഭിണി ആയതിനാലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ ഹെൽത്ത് ഇൻസ്‌പെക്ടറുമായി ബന്ധപ്പെട്ടു. ഹെൽത്ത് ഇൻസ്‌പെക്ടറും ഡോക്ടറും ചേർന്ന് ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വരാൻ നിർദേശം നൽകി. വീട്ടിൽ നിന്നും ആശുപത്രിയിൽ കാറിൽ നേരിട്ടെത്തിയ ഇവർ നിരീക്ഷണത്തിലുള്ള ആളാണെന്ന് ജീവനക്കാരോട് പോലും അറിയിച്ചിരുന്നില്ല. ഇവരെ പരിശോധിക്കുമ്പോൾ ഡോക്ടർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ആശുപത്രിയിലെ ഫാർമസിയിൽ രോഗി നേരിട്ടെത്തിയാണ് മരുന്നു വാങ്ങിയത്.
എന്നാൽ ആശുപത്രിയുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്‌പെക്ടർക്കും ഡോക്ടർക്കും മാത്രമാണ് നിരീക്ഷണം നിർദേശിച്ചിരിക്കുന്നത്. രോഗി എത്തിയ സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് പോലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടില്ല. അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ മുഴുവൻ നിർബന്ധമായും ജോലിക്ക് ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ ഭീതിയിലാണ്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here