Advertisement

കൊവിഡ് സമൂഹ വ്യാപന ഭീതിയിൽ മലപ്പുറവും; രോഗം ബാധിച്ച പിതാവും മകനും ഇടപഴകിയത് നിരവധി പേരുമായി

April 3, 2020
Google News 1 minute Read

കാസർഗോഡിനും പോത്തൻകോടിനും പിറകെ കൊവിഡ് സമൂഹവ്യാപനത്തിന്റെ ഭീതിയിൽ മലപ്പുറവും. ഉംറ കഴിഞ്ഞെത്തി പിതാവിന് രോഗം പകർത്തിയ മദ്രസ അധ്യാപകൻ നാടുമുഴുവൻ കറങ്ങി നടന്നു. ക്വാറന്റയിൻ നിർദേശം ലംഘിച്ചതിന് ഉയാൾക്കെതിരെ കേസെടുത്തു. രോഗം ബാധിച്ച പിതാവുമായും മകനുമായും നിരവധി പേർ ഇടപഴകിയെന്നാണ് പ്രാഥമിക നിഗമനം.

ഒറ്റ വ്യക്തിയുടെ അനുസരക്കേടും നിയമലംഘനവും മലപ്പുറത്തെയാകെ മുൾമുനയിൽ നിർത്തുകയാണ്. കഴിഞ്ഞ മാസം 11-ന് ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് എൺപത്തഞ്ചുകാരനായ പിതാവിന് രോഗം പകർന്നത്. 13-ന് പനിയെ തുടർന്ന് ക്ലിനിക്കിൽ ചികിസതേടിയ മകനോട് നിരീക്ഷണത്തിൽ പോകാൻ കർശന നിർദേശം നൽകിയിരുന്നു.

Read Also:  മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആളുടെ മകന് എതിരെ കേസ് എടുക്കും: കെ ടി ജലീൽ

ഇത് ലംഘിച്ച ഇയാൾ പിതാവിനേയും ബന്ധുക്കളേയും സന്ദർശിക്കുകയും അടുത്തിടപഴകുകയും ചെയ്തു. ക്വാറന്റയിൻ നിർദേശങ്ങൾ ലംഘിച്ച് ആനക്കയത്തെ പ്രാർഥനാ സംഗമത്തിലും പങ്കെടുത്തു. മരണാനന്തര ചടങ്ങുകൾ, മറ്റു പൊതുപരിപാടികൾ, പള്ളിയിലെ നിസ്‌ക്കാരങ്ങൾ എന്നിവയിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. ഈ വ്യക്തിയുടെ അനുസരണക്കേടുകൊണ്ട് മാത്രമാണ് മലപ്പുറം ജില്ല ഹോട്ട് സ്പോട്ട് ലിസ്റ്റിൽ ഉൾപെട്ടതെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുത്ത സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രി കെ ടി ജലീലും പറഞ്ഞു.

രോഗം സ്ഥിരീകരിച്ച പിതാവ് ചികിത്സ തേടിയ പട്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രണ്ട് ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് പൂട്ടി. ഇവിടുത്തെയും രോഗിയുമായി ഇടപഴകിയ പെരിന്തൽമണ്ണയിലെ മറ്റ് രണ്ട് ആശുപത്രിയിലുള്ളവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയായ 85-കാരൻ മന്ത്ര ചികിത്സകൻ കൂടിയാണ്. രോഗബാധയുള്ള സമയത്തും ഇയാൾ ചികിത്സ നടത്തിയിട്ടുണ്ട്. സമൂഹ്യവ്യാപനത്തിന് സാധ്യതയുള്ളതിനാൽ കീഴാറ്റൂർ പഞ്ചായത്തിൽ രോഗലക്ഷണങ്ങളില്ലാത്തവർക്കിടയിലും റാൻഡം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ഫലത്തിനനുസരിച്ച് കീഴാറ്റൂർ, ആനക്കയം പഞ്ചായത്തുകളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വന്നേക്കും.

 

coronavirus, malappuram, hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here