മലപ്പുറത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ആളുടെ മകന് എതിരെ കേസ് എടുക്കും: കെ ടി ജലീൽ

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ച പിതാവിന്റെ മകനെതിരെ കേസ് എടുക്കുമെന്ന് മന്ത്രി കെ ടി ജലീൽ. ഉംറ കഴിഞ്ഞത്തിയ മകൻ നിർദേശങ്ങൾ അവഗണിച്ച് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ഒരാളുടെ അനാസ്ഥ ജില്ലയിലെ കാര്യങ്ങൾ സങ്കീർണമാക്കിയെന്നും ആശങ്ക ഉളവാക്കുന്ന സാഹചര്യമുണ്ടെന്നും സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി ഇന്നലെയാണ് മലപ്പുറം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചത്. കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 കാരനാണ് ജില്ലയിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ എണ്ണം പന്ത്രണ്ടായി.
മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ, വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശം ലംഘിച്ച് പിതാവിനെ സന്ദർശിക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. മാർച്ച് 26 ന് പിതാവിന് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിൽ എത്തിച്ചു. മാർച്ച് 28 നും ഇതേ ആശുപത്രിയിൽ ചികിത്സ നൽകി. അന്ന് തന്നെ രാത്രി ആക്കപറമ്പിലുള്ള സ്വകാര്യ ക്ലിനിക്കിലുമെത്തി. തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലും ഇതേ ക്ലിനിക്കിൽ എത്തി ഇഞ്ചക്ഷനെടുത്ത് മടങ്ങി. 31ന് രാത്രി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലാണ് രക്തം പരിശോധിച്ചത്. പിന്നീട് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. ഏപ്രിൽ ഒന്നിന് പുലർച്ചെയാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
വിദേശത്ത് നിന്നെത്തിയ മകൻ സമ്പർക്കത്തിൽ ഏർപ്പെടുകയും, പിതാവിന് പിന്നീട് രോഗലക്ഷണങ്ങൾ കാണുകയും ചെയ്തിട്ടും ആരോഗ്യവകുപ്പിനെ അറിയിക്കാതെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലത്രയും വിവിധ ക്ലിനിക്കുകളിൽ ചികിത്സ തേടിയത്.
kt jaleel, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here