Advertisement

അവരുടെ സേവനങ്ങളെ കടമ എന്ന് കണ്ടു, നിപയും കൊവിഡും വരേണ്ടി വന്നു  കണ്ണ് തുറക്കാൻ; ആരോഗ്യ പ്രവർത്തകരെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

April 4, 2020
Google News 1 minute Read

ഒരു മഹാമാരിയോ പകർച്ച വ്യാധിയോ വേണ്ടിവന്നു ആരോഗ്യ പ്രവർത്തകരുടെ സേവനത്തിന്റെ വലുപ്പവും വ്യാപ്തിയും നമുക്ക് മനസിലാവാൻ. സ്വന്തം ജീവൻ പോലും പണയം വച്ച് ഇത്തരക്കാർ നടത്തുന്ന സേവനം വെറും കടമയെന്ന പേരിൽ നോക്കിക്കണ്ട ഏവരുടെയും കണ്ണ് തുറപ്പിക്കുകയാണ് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരിയിലെ എംഎസ്ഡബ്‌ള്യു വിദ്യാർത്ഥിനിയായ ഐശ്വര്യ എൽ എസ് എഴുതിയ കുറിപ്പ്.

കുറിപ്പ് ഇങ്ങനെ:

നമ്മെ സാന്ത്വനിപ്പിച്ചും, പരിചരിച്ചും നമ്മുടെ മുറിവുകളിൽ ആശ്വാസമേകിയും ഇതിന് മുൻപും അവർ നമുക്കിടയിൽ ഉണ്ടായിരുന്നു. നാളിതുവരെയും അവരുടെ സേവനങ്ങളെ നമ്മൾ വെറും കടമകളായി മാത്രം കണ്ടു. എന്നാൽ ഈ നാളുകളിലാണ് നാം അവരെ യഥാർത്ഥത്തിൽ കാണുന്നതും പരിഗണിക്കാൻ തുടങ്ങിയതും. പറഞ്ഞുവരുന്നത് നമ്മുടെ ആരോഗ്യ പ്രവർത്തകരെ കുറിച്ചാണ്. ഇതിനു മുൻപ് ആരോഗ്യ പ്രവർത്തകർ ചെയ്യുന്നത് അവരുടെ കടമയാണ് എന്നമട്ടിൽ ആ പരിചരണത്തെയും കരുതലിനെയും നമ്മൾ കണ്ടില്ല എന്ന് നടിക്കുമായിരുന്നു. അവരുടെ സേവനങ്ങളെ വാഴ്ത്താൻ ഒരു നിപ്പയും, കോവിഡും വരേണ്ടി വന്നു നമുക്ക്.

ബിരുദാനന്തര ബിരുദത്തിന്റെ രണ്ടാം പകുതിയിൽ പഠനത്തിന്റെ ഭാഗമായി ഒരു റിസർച്ച് ചെയ്യണം എന്ന് വന്നപ്പോൾ ആദ്യം ചിന്തിച്ചത് ഈ ആരോഗ്യ പ്രവർത്തകരെ കുറിച്ചാണ്. എന്തെന്നാൽ, നിപയുടെ സമയത്ത് തന്നെ പൊതു വാഹനങ്ങളിൽ പോലും കയറ്റാൻ അനുവദിക്കുന്നില്ലെന്നും സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്നൊക്കെയുള്ള ദാരുണാവസ്ഥകൾ പത്ര മാധ്യമങ്ങളിൽ നിന്ന് വായിച്ചറിഞ്ഞിരുന്നു. അന്നുതൊട്ട് ഈ ദയനീയാവസ്ഥകൾ എന്റെ മനസിൽ കിടന്ന് അലയടിക്കുന്നുണ്ടായിരുന്നു. പഠിക്കുന്നത് സാമൂഹ്യ സേവനം ആയതിനാൽത്തന്നെയും മനസിനെ അത്രമേൽ സ്പർശിക്കുന്ന, ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ പ്രകാശം പരത്താൻ പറ്റുന്ന ഒരു വിഷയത്തിൽ തന്നെ ഗവേഷണം നടത്തണം എന്നുള്ള ശക്തമായ ആഗ്രഹം ഗൈഡ് ആയ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ മുൻ മേധാവി അനീഷ് കെ ആർ സാറിനെ അറിയിച്ചപ്പോൾ അദ്ദേഹം ആഗ്രഹത്തിലേക്കെത്താൻ മുഴുവൻ സഹായവും ചെയ്തു തന്നു. അങ്ങനെ ഞാൻ പകർച്ച വ്യാധികൾ പിടിപെടുമ്പോൾ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ ആകുലതയും അതിനുശേഷം അവർക്കുണ്ടാവുന്ന കാഴ്ചപ്പാടും എന്ന വിഷയത്തിലേക്ക് എത്തിചേർന്നു.

അവസാനഘട്ടത്തിൽ കുറെ തിരിച്ചറിവുകൾ ബാക്കി നിർത്തി ആണ് പഠനം അവസാനിച്ചത്. ഈ തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്നത് നിപ്പയുടെ സമയത്ത് പ്രവർത്തിച്ചിരുന്ന ആരോഗ്യപ്രവർത്തകരിൽ നിന്നുതന്നെയാണ്. അവരിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞു വേണ്ടുന്ന രീതിയിൽ രോഗികളെ പരിചരിക്കാനായി എൻ 95 മാസ്‌ക്ക് മുതലുള്ള പ്രാഥമിക മുൻകരുതലുകളുടെ ലഭ്യതക്കുറവ് സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന്. ഇത്തരം കുറവുകൾ ആരോഗ്യ പ്രവർത്തകർക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാവാനോ, അല്ലെങ്കിൽ രോഗികൾക്ക് വേണ്ടിയുള്ള പരിചരണം പെട്ടെന്ന് നൽകാൻ കഴിയാത്ത അവസ്ഥയിൽ ആരോഗ്യ പ്രവർത്തകരെ എത്തിക്കുകയോ ചെയ്യുന്നു.

പകർച്ച വ്യാധികൾ പിടിപെടുന്ന സമയത്ത് ഏറെ മാനസിക സംഘർഷങ്ങളിൽ ആണ് ആരോഗ്യപ്രവർത്തകർ. കാരണം മുൻനിരയിൽ നിന്ന് അതിനു എതിരെ പോരാടുന്നത് അവർ ആയതുകൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരിലൂടെ അത് തങ്ങൾക്ക് പിടിപെടാം എന്ന ചിന്തയിൽ സമൂഹം അവരെ അവഗണിക്കാനും ഒറ്റപ്പെടുത്താനും തുടങ്ങുന്നു. അതു മാത്രമല്ല ചിലപ്പോൾ ആരോഗ്യ പ്രവർത്തകർക്കു തന്നെ തോന്നും ഇത് തങ്ങളിൽ നിന്ന് തങ്ങളുടെ കുടുംബത്തിലേക്ക് വ്യാപിക്കുമോ എന്ന ആകുലത. ഇതൊക്കെ അവരെ മാനസികമായി തളർത്തും.

ഈ മാനസിക സംഘർഷത്തിന് കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത് മാനസിക സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു നഴ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ഞാൻ നിപയുടെ സമയത്ത് ജോലി ചെയ്യുമ്പോൾ കഴിവതും ഇവിടെ ഹോസ്റ്റലിൽ കഴിയും, വീട്ടിൽ പോയാൽ തന്നെ മക്കൾ അടുത്തു കിടക്കണം, ചോറ് വാരി തരണം എന്നൊക്കെ പറയുമ്പോൾ അവരെ വഴക്കി പറഞ്ഞു ദൂരത്ത് നിർത്തും. പാവം, അവർ കുഞ്ഞുങ്ങൾ അല്ലേ ഈ അവസ്ഥ ഒന്നും അറിയാതെ അമ്മയ്ക്ക് സ്‌നേഹം ഇല്ല എന്ന് പറഞ്ഞ് പരിഭവിച്ചു കിടന്നുറങ്ങാം..’ ഈ മാനസികസംഘർഷങ്ങൾ ഒക്കെ മനസ്സിൽ കുഴിച്ചുമൂടി ആണ് ഓരോ ആരോഗ്യപ്രവർത്തകരും മണിക്കൂറോളം തങ്ങളുടെ സേവനങ്ങൾ ചെയ്യുന്നത്. അത് മനസിലാക്കി അവർക്ക് വേണ്ടുന്ന കൗൺസിലിംഗ്, യോഗ, ഇതുപോലുള്ള സെഷനുകൾ പകർച്ച വ്യാധികളും ആയി മല്ലിടുമ്പോൾ നൽകുന്നത് ഉപകാരപ്രദമാവും എന്ന് തന്നെയാണ് അവർ പറയുന്നത്. സ്വകാര്യ ആശുപത്രികളിൽ ഇത്തരം സെഷനുകൾ നടത്തുന്നുണ്ടായിരുന്നു എന്നും അത് അവിടുത്തെ ആരോഗ്യ പ്രവർത്തകരിൽ മാനസികമായി നല്ല മാറ്റങ്ങളുണ്ടാക്കിയെന്നും ഈ പഠനത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം അണുബാധ നേരിടാനുള്ള പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം പരിമിതമാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും പകർച്ചവ്യാധികൾ പിടിപെടുന്ന സമയത്ത് മാത്രമേ അവർക്ക് അണുബാധയെ നേരിടാനുള്ള പരിശീലനം നൽകുവാൻ കഴിയുന്നുള്ളൂ. ചില വൈറസുകൾ, രോഗങ്ങളെക്കുറിച്ചു പോലും ഉള്ള പ്രാഥമിക ആയിട്ടുള്ള അറിവ് ആരോഗ്യ പ്രവർത്തകരിൽ ഇല്ല. അവർ തന്നെ പറയുന്നുണ്ട് അവരുടെ അടുത്ത് ഒരു രോഗി വന്നാൽ സാധാരണ ഒരു കേസ് ആയി കണ്ട് പ്രാഥമിക മുൻകരുതൽ ഒന്നും തന്നെ എടുക്കാതെ അവർ ആ രോഗിയെ പരിചരിക്കാറുണ്ടെന്ന്. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴി മാറിയേക്കാം. ഒരുപക്ഷേ അത് കാരണം ആരോഗ്യ പ്രവർത്തകർക്ക് അല്ലെങ്കിൽ മറ്റൊരു രോഗിക്ക് ആയിരിക്കാം അണുബാധ ഏൽക്കേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ അണുബാധ പരിശീലനം എല്ലാ ആരോഗ്യ പ്രവർത്തകർക്കും തുടർച്ചയായി നൽകേണ്ടത് ആണ്.

സർക്കാർ ആശുപത്രികളിൽ ഇന്നും സ്വന്തമായ ഐസൊലേഷൻ സൗകര്യങ്ങളുടെ കുറവ് നിലനിൽക്കുന്നുണ്ട്. പേ വാർഡിൽ എല്ലാ രോഗികളെയും ഒരുമിച്ചാണ് കിടക്കുന്നത്. ഒരു രോഗിയിൽ നിന്ന് അടുത്ത രോഗിയിലേക്കുള്ള ദൂരം വളരെ കുറവാണ്. ഇതിനിടയിൽ അവരെ വേർതിരിക്കാനുള്ള ഒരു കർട്ടൻ പോലും ഇല്ല എന്നതാണ് വാസ്തവം.

അതുമാത്രമല്ല ആശുപത്രിയിലെ അനിയന്ത്രിതമായ തിരക്ക് കാരണം ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയാനുള്ള അത്യാവശ്യം നടപടികൾ പോലും പല ആശുപത്രികളിലും സ്വീകരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. അനിയന്ത്രിതമായ തിരക്ക് ഒരു വലിയ പ്രശ്‌നമായി തന്നെ ഡോക്ടർമാരും പറയുന്നുണ്ട്. ഈ തിരക്കുകൾ കാരണം അവർക്ക് ഒരു രോഗിയെ വിശകലനം ചെയ്യാനുള്ള സമയം ലഭിക്കാറില്ലത്രേ.

സർക്കാർ ആശുപത്രിയിലെ മറ്റൊരു പ്രശ്‌നം അവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ കുറവ് തന്നെയാണ്. അതായത് 1:8 എന്ന രീതിയിലാണ് അവർ ജോലി ചെയ്യുന്നത്. ഒരു നഴ്‌സ് ഏകദേശം 8 രോഗികളെ എങ്കിലും ഒരു സമയത്ത് പരിചരിക്കേണ്ടി വരും. ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയുടെ അടുത്ത് എത്താനുള്ള തിരക്കിൽ അവർ സെൽഫ് കെയറിനെക്കുറിച്ച് പ്രാഥമിക മുൻകരുതലുകൾ കുറിച്ച് മറന്നുപോവുകയാണ് ഇത് ആരോഗ്യ പ്രവർത്തകരുടെയും മറ്റു രോഗികളുടെയും ജീവന് ആപത്ത് ഉണ്ടാക്കും.

ഹാൻഡ് റബ്ബ് പോലുള്ള പ്രാഥമിക സൗകര്യങ്ങൾ ലഭ്യതക്കുറവ് ഗവൺമെന്റ് സെറ്റിംഗുകളിൽ അനുഭവപ്പെടുന്നുണ്ട്. പകർച്ച വ്യാധികൾ പിടിപെടുമ്പോൾ മാത്രം അത് ഉറപ്പുവരുത്താൻ ശ്രമിക്കും എന്നാൽ അതിനുശേഷം വീണ്ടും അതിനെ ലഭ്യത കുറയും എന്നതാണ് സ്ഥിതിയെന്ന് ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

ഒരു ചെറിയ പഠനത്തിലൂടെ കണ്ടെത്തിയ കുറെ കാര്യങ്ങൾ ആണ് ഈ കുറിപ്പിൽ വിശദീകരിച്ചിരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവൻ പോലെ തന്നെയാണ് ആരോഗ്യ പ്രവർത്തകരുടെയും ജീവൻ. അവർക്കും മനസും സ്‌നേഹബന്ധങ്ങളും ഉണ്ട്. അതൊക്കെ ത്യജിച്ചു മുന്നിൽ നിന്ന് അവരിങ്ങനെ നമ്മൾക്ക് വേണ്ടി പോരാടുമ്പോൾ അവർക്കായി നമ്മൾ ആദരവ് പ്രകടിപ്പിക്കേണ്ടത് അവർക്ക് വേണ്ടുന്ന സൈക്കോ-സോഷ്യൽ സപ്പോർട്ട് നൽകിയും, പ്രാഥമിക മുൻകരുതലുകൾ ലഭ്യത ഉറപ്പ് വരുത്തിയും, ഒപ്പം തന്നെ അവർക്ക് ഭേദപ്പെട്ട വരുമാനവും ജീവിതസൗകര്യങ്ങളും നൽകിക്കൊണ്ടുമാണ്.

ഇനിയും ഒരു സമരപ്പന്തലിൽ മാലാഖമാർ ഉയരാതെ ഇരിക്കട്ടെ, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി. പകർച്ചവ്യാധികൾ പിടിപെടുമ്പോൾ മാത്രം ആരോഗ്യ മേഖലയെ കുറിച്ചുള്ള ആശങ്കയാണ് നമ്മൾ ഇന്ന് കണ്ടുവരുന്നത്. അപ്പോൾ മാത്രം അവിടെ മുൻകരുതലുകളും അങ്ങനെയുള്ള എല്ലാ കാര്യങ്ങളും എടുക്കാനുള്ള സർക്കാർ നയങ്ങൾ. ഇതിനുശേഷം അവിടെ എന്ത് സംഭവിക്കുന്നു എന്ന് ആർക്കും അറിയില്ല. ആരോഗ്യമേഖലയിൽ വേണ്ടുന്നത് ഓരോ കാണിച്ചുകൂട്ടലുകൾ അല്ല, മറിച്ച് ശാശ്വതമായ പരിഹാരങ്ങളാണ്. എന്നന്നേക്കുമായി ഉള്ള മുൻകരുതലുകളാണ്. സ്ഥിരമായ സംവിധാനം ആവശ്യമാണ് ഐസൊലേഷൻ, പരിശീലനം, പരിശോധനാ ഫലം ലഭിക്കുന്ന ലാബ്, അങ്ങനെ അങ്ങനെ. അതുമാത്രമല്ല ഒരു തുടർച്ചയായ മോണിറ്റർ സംവിധാനം എല്ലാ സർക്കാർ ആശുപത്രികളിലും സജീവമായിരിക്കണം. കാരണം പലതരം പകർച്ച വ്യാധികൾ പിടിപെടുന്ന സാഹചര്യം ഇന്ന് കൂടിക്കൂടി വന്നിരിക്കുകയാണ്. എന്നാൽ മറ്റൊരു കാര്യവും ഈ അവസരത്തിൽ പറയേണ്ടതായുണ്ട്. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ആരോഗ്യവകുപ്പിന് കിട്ടാവുന്ന സഹകരണം, അതിലൂടെ മാത്രമേ ഈ ഒരു അവസ്ഥ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ.

 

health workers, coronavirus, nipah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here