സ്വകാര്യ ആശുപത്രികൾ തുറന്നു പ്രവർത്തിക്കണം : ആരോഗ്യമന്ത്രി കെകെ ശൈലജ

സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് 19 പകരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികൾ കൊവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകൾക്ക് രോഗികൾക്ക് വരാനുള്ള പ്രയാസം അനുഭവപ്പെടും. അതുകൊണ്ട് മറ്റെല്ലാ ആശുപത്രികളും തുറന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ലോക് ഡൗൺ ആയതിനാൽ സാധാരണ നിലയിൽ രോഗികൾക്ക് ആശുപത്രികളിൽ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ടെലഫോൺ മുഖേന രോഗികൾക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പൊലീസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് അല്ലാത്ത രോഗങ്ങൾക്കെല്ലാം കൃത്യമായ ചികിത്സ ഉറപ്പ് വരുത്തണം. സർക്കാർ ആശുപത്രികൾ മാത്രമല്ല എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സ ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങൾ, മറ്റ് പലതരത്തിലുള്ള രോഗങ്ങൾ തുടങ്ങി ഒരു രോഗത്തിനും സംസ്ഥാനത്ത് ചികിത്സ കിട്ടാത്ത അവസ്ഥ പാടില്ല. അവശ്യ സർവീസ് എന്ന നിലയിൽ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐഎംഎ അടക്കമുള്ള സംഘടനകൾ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഉറപ്പുവരുത്താൻ മുൻകൈയ്യെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ആശുപത്രികളെല്ലാം ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. പകർച്ചവ്യാധികളുടെ കാലത്ത് പരിശോധനയും ചികിത്സയും നടത്തേണ്ട രീതിയെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights- kk shailaja, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here