കൊവിഡ് 19: ഇതുവരെ വിജയകരമായി പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ ഇതുവരെ വിജയകരമായി പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയായി. ഈ യുദ്ധത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. ഇതിൽ തളരാനോ വീഴാനോ പാടില്ല. വിജയം വരെ പോരാട്ടം തുടരണം. എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിൽ ജനം ക്ഷമയോടെ പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന ഐക്യ ദീപം തെളിയിക്കൽ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി. പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് ഇനിയും സംഭാവനകൾ നൽകണം. പാർട്ടിക്കും ഉപരിയാണ് രാജ്യം. പാവങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കണം. മാസ്കുകൾ സമ്മാനമായി നൽകണം. ആരോഗ്യ പ്രവർത്തകരോട് നന്ദി പറയണം. ആരോഗ്യസേതു മൊബൈൽ ആപ്പ് പരിചയപ്പെടുത്തണം. മുൻനിര പോരാളികൾക്ക് ധൈര്യം പകരണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മരണം 100 കടന്നു. 125 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം വരെ 84 പേരായിരുന്നു കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നത്.
മരണ നിരക്ക് കുത്തനെ അധികരിക്കുന്നതോടെ ലോക്ക് ഡൗൺ പിൻവലിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള ആലോചനകൾ കേന്ദ്രസർക്കാരിൻ്റെ 11 എംപവേർഡ് കമ്മറ്റികൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വൈറസ് ബാധ കൂടുതലുള്ള സ്ഥലങ്ങൾ പൂർണമായും സീൽ ചെയ്യാനുള്ള ആലോചനകളാണ് നടക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്തെ 272 ജില്ലകളിൽ 62 ജില്ലകളിലാണ് വ്യാപനത്തിൻ്റെ 80 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ 3 ജില്ലകൾ ഉൾപ്പെടെ ആണിത്. ഈ ജില്ലകൾ പൂർണമായി സീൽ ചെയ്യുമെന്നാണ് സൂചന. ബാക്കി 210 ജില്ലകളിൽ ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഉണ്ടാവും.
Story Highlights: covid 19 pm narendra modi address nation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here