അർജുനൻ മാസ്റ്ററുടെ മരണം; മുഖ്യമന്ത്രി അനുശോചിച്ചു

അന്തരിച്ച സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ് റിലീസ്:

നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായിരുന്നു അര്‍ജുനന്‍ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രവണ സുന്ദരങ്ങളായ നിരവധി ഗാനങ്ങള്‍കൊണ്ട് മലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതികളുടെ തലങ്ങളിലേക്ക് അദ്ദേഹം ഉയര്‍ത്തി.

അംഗീകാരങ്ങളെ കുറിച്ച് ആലോചിക്കാതെ കലാസപര്യയില്‍ മുഴുകിയ ജീവിതമായിരുന്നു അർജുനൻ മാസ്റ്ററുടേത്. പൂര്‍ണമായും സംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വം. പല തലമുറയിലെ ഗായകര്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആലപിച്ചു. വളരെ വൈകിയാണ് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. അപ്പോള്‍ അത് അദ്ദേഹം സ്വീകരിക്കുമോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരു പരാതിയും കൂടാതെ അദ്ദേഹം അത് സ്വീകരിച്ചു. ഏതു പുരസ്കാരം ലഭിക്കുന്നു, ഏതു പുരസ്കാരം ലഭിക്കുന്നില്ല എന്നതൊന്നും അദ്ദേഹത്തിന്‍റെ ചിന്തയിലേ ഉണ്ടായിരുന്നില്ല.

മൗലികവും സര്‍ഗാത്മകവുമായ തന്‍റെ സംഭാവനകളിലൂടെ ആസ്വാദക സമൂഹത്തിന്‍റെ മനസ്സില്‍ അദ്ദേഹം വലിയ ഒരു സ്ഥാനം നേടി. മലയാള സംഗീത ആസ്വാദകരുടെ മനസ്സില്‍ എന്നും ആ സ്ഥാനം നിലനില്‍ക്കുകയും ചെയ്യും. അര്‍ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് പുലർച്ചെ മൂന്നരക്ക് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വെച്ചായിരുന്നു അർജുനൻ മാസ്റ്ററുടെ മരണം. 84 വയസായിരുന്നു. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണിക്കാണ് സംസ്കാരം. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കടുത്ത നിയന്ത്രണങ്ങളുണ്ട്.

Story Highlights: Death of Arjun Master The chief minister condoledനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More