പതിനാല് വയസുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

പതിനാല് വയസുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. പെൺകുട്ടിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 1971-ലെ മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗനൻസി ആക്ട് പ്രകാരം 20 ആഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകാറില്ല. ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകിയത്.
ഗർഭസ്ഥശിശു ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ അതിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോക്‌സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ ആവശ്യത്തിനായി ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. പരിശോധനയ്ക്കായി എടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാഹിതനയ യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അഞ്ച് മാസത്തിന് ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായി.യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് അനുമതി തേടി പിതാവ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വീഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here