വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ വയോധികരുടെ ക്ഷേമമന്വേഷിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആളുകള്‍ പ്രായമേറിയവര്‍ ആയിരിക്കും. പ്രത്യേകിച്ചും അവരില്‍ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവര്‍. പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ, ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തിയത്. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ വിളികള്‍ ഇനി വയോജനങ്ങളെ തേടിയെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ 1,20,000 പേരെയാകും വിളിക്കുക. ഇതിനായി 50 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ഇടവേളയില്‍ മൂന്നു തവണ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികള്‍ ഉറപ്പു വരുത്തും. മരുന്നുകള്‍ ആവശ്യമെങ്കില്‍ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here