Advertisement

കൊവിഡ് അടിയന്തര സാഹചര്യം നേരിടാൻ സജ്ജം; സമഗ്ര പദ്ധതി തയാറായതായി എറണാകുളം ജില്ലാ കളക്ടർ

April 7, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിന് സമഗ്ര പദ്ധതി തയാറായതായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ടേർഷ്യറി കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, കമ്മ്യൂണിറ്റി ലെവൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഷോർട്ട് സ്‌റ്റേ ഹോംസ്, ഹോം ഐസൊലേഷൻ എന്നിങ്ങനെയാണ് ജില്ലയിലെ കൊവിഡ് ചികിത്സാ സംവിധാനങ്ങളുടെ ഘടന നിർണയിച്ചിട്ടുള്ളത്. രോഗികളുടെ അതിവേഗത്തിലുള്ള വർധന തടഞ്ഞുകൊണ്ട് കൊറോണയെ പ്രതിരോധിക്കുകയെന്നതാണ് ജില്ലാ ഭരണകൂടവും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രവും ആരോഗ്യവകുപ്പും തയാറാക്കിയ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കൊവിഡ് ചികിത്സാ കേന്ദ്രങ്ങളെ പ്ലാൻ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകളായി തിരിച്ചിരിക്കുന്നു. സർക്കാർ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ സ്ഥാപനം എന്നതിന്റെ അടിസ്ഥാനത്തിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആശുപത്രികളെ ഈ രീതിയിൽ തരംതിരിച്ചിരിക്കുന്നത്.

കൊവിഡ് ചികിത്സയുടെ പ്രധാന കേന്ദ്രമായ കൊവിഡ് ടേർഷ്യറി കെയർ സെന്ററായ എറണാകുളം മെഡിക്കൽ കോളജിൽ 650 കിടക്കകളും 20 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്. പത്ത് സ്വകാര്യ ആശുപത്രികളെയും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായി നിർണയിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയും മുവാറ്റുപുഴ ജനറൽ ആശുപത്രിയുമാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ.

കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഒരു കോടി രൂപയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കളമശേരി മെഡിക്കൽ കോളജിലെ ഐസിയു സൗകര്യങ്ങൾ മെച്ചപ്പെടുത്തും. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 സിംഗിൾ റൂമുകളുമായി പിവിഎസ് ആശുപത്രി പൂർണ സജ്ജമായിക്കഴിഞ്ഞു. കേരളത്തിലെത്തുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനായി 36 ഷോർട്ട് സ്‌റ്റേ ഹോമുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെ പാർപ്പിക്കുന്നതിനായി 1941 സിംഗിൾ റൂമുകളാണ് ഈ കേന്ദ്രങ്ങളിലുള്ളത്.

Story Highlights- S Suhas, Covid, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here