Advertisement

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട് : മുഖ്യമന്ത്രി

April 7, 2020
Google News 1 minute Read

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ലോകാരോഗ്യ ദിനമാണ്. നഴ്‌സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണയ്ക്കുക എന്നതാണ് ഈ ലോകാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യമായി ലോകാരോഗ്യ സംഘടന കാണുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

നിപ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് ലിനി. കോട്ടയത്ത് കൊറോണ ബാധിച്ച വയോധിക ദമ്പതികള്‍ക്ക് സുഖം പ്രാപിച്ചത് നമ്മുടെ ആരോഗ്യമേഖലയുടെ അഭിമാനകരമായ നേട്ടമാണ്. അവരെ ശുശ്രൂഷിക്കവെ വൈറസ് ബാധിച്ച് സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ചികിത്സയിലായിരുന്നു. രോഗം ഭേദമായി ആവശ്യത്തിന് നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തിരിച്ചെത്തിയാല്‍ ഇനിയും കൊറോണ വാര്‍ഡില്‍ ജോലി ചെയ്യാന്‍ സന്നദ്ധയാണ് എന്ന രേഷ്മയുടെ വാക്കുകള്‍ നാം കേട്ടു. കോട്ടയത്തു തന്നെയുള്ള മറ്റൊരു നഴ്‌സായ പാപ്പ ഹെന്‍ട്രി കൊവിഡ് ബാധയുള്ള ഏതു ജില്ലയിലും പോയി ജോലി ചെയ്യാനുള്ള സന്നദ്ധത ആരോഗ്യമന്ത്രിയെ അറിയിക്കുന്നത് ഒരു മാധ്യമം തന്നെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നഴ്‌സുമാര്‍ നമുക്ക് നല്‍കുന്ന ഊര്‍ജത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണ് ഇത്. അവര്‍ക്ക് അതേ കരുതല്‍ തിരിച്ചുനല്‍കാനുള്ള ചുമതല നമുക്കോരോരുത്തര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഡല്‍ഹിയിലും മുംബൈയിലും കൊവിഡ് രോഗം ബാധിച്ച നഴ്‌സുമാരെക്കുറിച്ച് നമുക്ക് ഉത്കണ്ഠയുണ്ടാകുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മനുഷ്യജീവന്‍ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനത്തില്‍ നമുക്ക് അഭിമാനമുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ട്. ലോകത്താകെയുള്ള മലയാളിസമൂഹവും മലയാളി സംഘടനകളും അതാതു സ്ഥലങ്ങളില്‍ അവര്‍ക്ക് ഇടപെടാന്‍ പറ്റുന്ന എല്ലാ തലത്തിലും ഇടപെട്ടുകൊണ്ട് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here